ഐസ്വാൾ: മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ സോറം പീപ്പിൾസ് മൂവ്‌മെന്‍റ് തകർപ്പൻ ജയം നേടിയത് കഴിഞ്ഞദിവസമാണ്. 40 അംഗ നിയമസഭയിൽ 27 സീറ്റുകളാണ് സെഡ്പിഎം നേടിയത്. മൂന്ന് വനിതാ എംഎൽഎമാർ മാത്രമാണ് പുതിയ മിസോറം നിയമസഭയിലുള്ളത്.
അവരിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ ഐസ്വാൾ സൗത്ത്-III മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ബാരിൽ വന്നേയ്‌സംഗി. പ്രായം കുറഞ്ഞ വനിതാ എംഎൽഎ എന്നത് മാത്രമല്ല, വേറെയും ചില പ്രത്യേകതകളുണ്ട് വന്നേയ്‌സംഗിയ്ക്ക്. സോഷ്യൽ മീഡിയതാരവും അവതാരകയുമാണ് ഈ യുവ എംഎൽഎ.
ഇൻസ്റ്റഗ്രാമിൽ 253K ഫോളോവേഴ്സാണ് ബാരിൽ വന്നേയ്‌സംഗിയ്ക്ക് ഉള്ളത്. 32കാരിയായ വന്നേയ്‌സംഗി ഐസ്വാൾ സൗത്ത്-III മണ്ഡലത്തിൽ നിന്ന് 9,370 വോട്ടുകൾക്കാണ് മിസോ നാഷണൽ ഫ്രണ്ട് സ്ഥാനാർഥി എഫ് ലാൽനുൻമാവിയയെ പരാജയപ്പെടുത്തിയത്. നേരത്തെ ഐസ്വാൾ മുനിസിപ്പൽ കോർപ്പറേഷനിൽ (എഎംസി) കോർപ്പറേറ്ററായി ഇവർ പ്രവർത്തിച്ചിട്ടുണ്ട്. മേഘാലയയിലെ ഷില്ലോങ്ങിലുള്ള നോർത്ത് ഈസ്റ്റേൺ ഹിൽ സർവകലാശാലയിൽനിന്നാണ് ഇവർ ബിരുദാനന്തര ബിരുദം നേടിയത്. മിസോറാമിലെ പ്രശസ്തയായ ടിവി അവതാരക കൂടിയായിരുന്നു ഇവർ.
ടെലിവിഷൻ അവതാരക/രാഷ്ട്രീയപ്രവർത്തക എന്നാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇവർ സ്വയം പരിചയപ്പെടുത്തുന്നത്. ഭരണരംഗത്തേക്ക് കൂടുതൽ വനിതകൾ കടന്നുവരണമെന്നാണ് ഇവർ പറയുന്നത്. ഒരു വനിതക്ക് ഇഷ്ടമുള്ളത് ഏറ്റെടുക്കാനും പിന്തുടരാനും ലിംഗ വ്യത്യാസം ഒരു തടസമല്ലെന്നാണ് യുവ എംഎൽഎ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചത്.
നങ്ങൾ ഇഷ്ടപ്പെടുന്നതും പിന്തുടരാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് ലിംഗ വ്യത്യാസം തടസമല്ലെന്ന് എല്ലാ സ്ത്രീകളോടും പറയാൻ ആഗ്രഹിക്കുന്നു. സ്ത്രീകൾ ഏത് സമുദായത്തിലായാലും സാമൂഹിക തലത്തിലായാലും അവർക്ക് എന്തെങ്കിലും ഏറ്റെടുക്കണമെങ്കിൽ അത് ചെയ്യുക തന്നെ വേണം’ വന്നേയ്‌സംഗി പറയുന്നു.