ദുബായ്:ലോക രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ ഏറ്റവും പുതിയ പട്ടിക പുറത്ത് വിട്ട് ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക. രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 194 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തിന് അനുമതിയുള്ള ആറ് രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാമത് വന്നിരിക്കുന്നത്.
ഏഷ്യയില്‍ നിന്നുള്ള ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവയ്ക്ക് പുറമേ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. 193 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തിന് അനുമതിയുള്ള ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്.
ലോകത്തെ 199 പാസ്‌പോര്‍ട്ടുകളെയാണ് ഹെന്‍ലി സൂചിക വിലയിരുത്തിയിട്ടുള്ളത്. ഇതില്‍ 62 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനത്തിന് അനുമതിയുള്ള ഇന്ത്യക്ക് 85ാം സ്ഥാനമാണുള്ളത്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ് പോലുള്ള ആഗോള വിനോദയാത്രാ കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് വിസ രഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ തവണത്തെ പട്ടികയില്‍ 84ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒരു സ്ഥാനം താഴേക്ക് പോകുകയാണ് ചെയ്തിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ മാലദ്വീപ് (58), സൗദി അറേബ്യ (63), ചൈന (64), തായ്‌ലാന്‍ഡ് (66), ഇന്തോനേഷ്യ (69), ഉസ്ബക്കിസ്ഥാന്‍ (84) എന്നിവര്‍ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
പാകിസ്ഥാന്‍ പട്ടികയില്‍ 106ാം സ്ഥാനത്താണ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ അയല്‍ രാജ്യങ്ങള്‍ യഥാക്രമം 101, 102, 103 സ്ഥാനങ്ങളിലാണ്. 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള യു.കെ, ലക്‌സംബര്‍ഗ്, അയര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നിവര്‍ മൂന്നാം സ്ഥാനത്തെത്തി. ബെല്‍ജിയം, നോര്‍വേ, പോര്‍ച്ചുഗല്‍ എന്നിവര്‍ നാലാം സ്ഥാനത്തും എത്തി.
190 രാജ്യങ്ങളിലേക്ക് സൗജന്യ പ്രവേശനമുള്ള ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഗ്രീസ്, മാള്‍ട്ട, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവര്‍ പട്ടികയിലെ അഞ്ചാം സ്ഥാനത്തും എത്തിയപ്പോള്‍ അമേരിക്കയും കാനഡയും ചേര്‍ന്ന് ആറാം സ്ഥാനം പങ്കിട്ടു.