ന്യൂഡൽഹി: നോമിനേറ്റഡ് അംഗമായതിനാൽ എപ്പോൾ രാജ്യസഭയിൽ പോകണമെന്ന് താനാണ് തീരുമാനിക്കുന്നതെന്ന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയ്. ‘ജസ്റ്റിസ് ഫോർ ദ് ജഡ്ജ്’ എന്ന തന്റെ ആത്മകഥയുടെ പ്രകാശനത്തോടനുബന്ധിച്ചു വിവിധ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലാണ് മുൻ ചീഫ് ജസ്റ്റിസ് നിലപാടു വ്യക്തമാക്കിയത്.
സർക്കാരിന്റെയോ പ്രതിപക്ഷത്തിന്റെയോ വിപ്പ് എനിക്കു ബാധകമല്ല. ജനങ്ങൾക്കാവശ്യമായ കാര്യങ്ങൾ പറയാനുണ്ടെന്നു തോന്നുമ്പോൾ പോകും. അതു സർക്കാരിനോ പ്രതിപക്ഷത്തിനോ എതിരാണോ എന്നും കാര്യമാക്കില്ല. പറയാനുള്ളത് പറയും. – അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദ്, റഫാൽ ഇടപാട് തുടങ്ങിയ വലിയ കേസുകളിൽ വിധി പറഞ്ഞ ഗൊഗോയിയെ വിരമിച്ചതിനു ശേഷം എൻഡിഎ സർക്കാർ രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്തത് വിവാദമായിരുന്നു. 2020 മാർച്ചിൽ രാജ്യസഭാംഗമായെങ്കിലും ഒരു വർഷത്തിനിടെ പത്തു ശതമാനത്തിൽ താഴെയാണ് അദ്ദേഹത്തിന്റെ ഹാജർ. ഇതേക്കുറിച്ചു ചോദ്യമുയർന്നപ്പോഴായിരുന്നു പ്രതികരണം.
ബാബറി മസ്ജിദ് കേസ് വിധിക്കു ശേഷം പാർട്ടി നടത്തിയെന്ന ആരോപണത്തെക്കുറിച്ചും തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ചുമൊക്കെ പുസ്തകത്തിൽ ഗൊഗോയ് പ്രതിപാദിക്കുന്നുണ്ട്. അയോധ്യ വിധിക്കു ശേഷം അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളായിരുന്ന ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരെ കൂട്ടി പഞ്ചനക്ഷത്ര ഹോട്ടലായ താജ് മാൻസിങ്ങിൽ അത്താഴം കഴിക്കുകയും അവിടത്തെ ഏറ്റവും മികച്ച വൈൻ ഓർഡർ ചെയ്യുകയുമുണ്ടായി. മുതിർന്നയാളെന്ന നിലയിൽ ബിൽ കൊടുത്തത് താനാണെന്നും അദ്ദേഹം പറഞ്ഞു.