കൊച്ചി:മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ബാലതാരമായി സിനിമയിൽ വന്ന കുഞ്ചാക്കോ ബോബൻ ഇന്നും മലയാള സിനിമയിൽ സ്റ്റാർ വാല്യുവുള്ള നായകനാണ്.
റൊമാന്റിക്ക് ഹീറോയെന്ന് കേട്ടൽ തന്നെ മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന മുഖവും കുഞ്ചാക്കോ ബോബന്റേതാണ്. പാട്ടും ഡാൻസും റൊമാൻസുമായി കുഞ്ചാക്കോ തൊണ്ണൂറുകളിൽ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു.
സിനിമകളുടെ ജയപരാജയങ്ങൾക്കപ്പുറത്ത് ചാക്കോച്ചൻ എന്ന സെൻസേഷണൽ ഹീറോ മലയാളികളുടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ സ്ഥിരം ചർച്ചാ വിഷയമായിരുന്നു. ഫോണും സോഷ്യൽമീഡിയയും ഇല്ലാതിരുന്ന കാലത്ത് കെട്ട് കണക്കിന് പ്രണയ ലേഖനങ്ങളും കത്തുകളുമാണ് കുഞ്ചാക്കോ ബോബനെ തേടി വന്നിരുന്നത്.
അവയിൽ ഒട്ടുമിക്ക കത്തിനും അദ്ദേഹം മറുപടിയും അയച്ചിരുന്നു. കുഞ്ചാക്കോ എഫക്ട് കാരണം അന്നത്തെ ശരാശരി കലിപ്പന്മാർക്കും കാമുകിമാരുടെ മുന്നിൽ അൽപ്പ സ്വൽപ്പം റൊമാന്റിക് ആകാതെ പിടിച്ച് നിൽക്കാൻ പറ്റാത്ത സ്ഥിതി വരെയുണ്ടായിരുന്നു.
തുടക്ക കാലത്തെ അഭിനയത്തിലെ പോരായ്മകൾ ഒന്നും ഫാൻസിന് ഒരു വിഷയമായിരുന്നില്ല… അതിനെയെല്ലാം
മറച്ചു വെക്കാൻ പ്രാപ്തമായ എലമെന്റ്സ് ചാക്കോച്ചനിൽ ശക്തമായിരുന്നു.
ഒരു വിധം എല്ലാ സിനിമകളിലും എണ്ണം പറഞ്ഞ ഹിറ്റ് പാട്ടുകളാണ് ചാക്കോച്ചന് കിട്ടിയത്. അവയെല്ലാം ഇന്നും വൈറൽ ഗാനങ്ങളാണ്. മലയാളികൾക്ക് പൊതുവിലുള്ള ഇഷ്ട്ടം തന്നെയാണ് ചാക്കോച്ചന്റേയും കൈ മുതൽ.
അതുകൊണ്ടാണ് ഇടവേളയ്ക്ക് ശേഷം ഒരു ഗംഭീര തിരിച്ച് വരവ് സാധ്യമായതും ഇപ്പോൾ മനോഹരമായ കഥാപാത്രങ്ങൾ കുഞ്ചാക്കോ ബോബന് ചെയ്യാൻ സാധിക്കുന്നതും. കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമകളുടെ അനൗൺസ്മെന്റ് വരുമ്പോൾ തന്നെ ആവേശത്തിലാകും കാണികൾ.
അത്രത്തോളം പ്രതീക്ഷയാണ് കുഞ്ചാക്കോ ബോബന്റെ മേൽ പ്രേക്ഷകർക്കുള്ളത്. രണ്ടാം വരവിൽ കുറേയേറെ പരാജയ സിനിമകൾ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിൽ സംഭവിച്ചതിനാൽ അദ്ദേഹം പിന്നീടങ്ങോട്ട് ശ്രദ്ധിച്ച് മാത്രമാണ് സിനിമകൾ തെരഞ്ഞടുത്തതും ചെയ്തതും.
രണ്ടാം വരവിൽ കുഞ്ചാക്കോ ബോബൻ ചെയ്ത നല്ല സിനിമകളിൽ ഒന്നായിരുന്നു വേട്ട. 2016ൽ പുറത്തിറങ്ങിയ സിനിമയിൽ മഞ്ജു വാര്യരായിരുന്നു നായിക. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയായിരുന്നു വേട്ടയുടെ സംവിധായകൻ.
ഇപ്പോഴിത മഞ്ജു വാര്യർക്കൊപ്പം വേട്ട സിനിമ ചെയ്തപ്പോഴുള്ള മറക്കാനാവാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ജോൺ ബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷനിൽ അതിഥിയായി വന്നപ്പോൾ മഞ്ജു വാര്യരുടെ ആവശ്യപ്രകാരമാണ് ഒരുമിച്ചുള്ള അഭിനയത്തിലുണ്ടായ അനുഭവം കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്.
‘ആത്മാർഥമായി എനിക്കും പ്രിയയ്ക്കും വേണ്ടി പ്രാർഥിക്കുന്ന മഞ്ജുവാണ് വേട്ടയുടെ സമയത്ത് എന്റെ കരണകുറ്റിക്ക് നാല് തവണ അടിച്ചത്. വേട്ടയിലെ മെൽവിൻ ഫിലിപ്പെന്ന എന്റെ കഥാപാത്രം ഒരു സീനിൽ മഞ്ജുവിന്റെ കഥാപാത്രത്തോട് എന്തോ ചൊറിയുന്ന ഡയലോഗ് പറയുന്നുണ്ട്.’
‘അത് കേട്ടിട്ട് വന്ന് മഞ്ജു അപ്രതീക്ഷിതമായി അടിക്കുന്നതായിരുന്നു സീൻ. സംവിധായകൻ രാജേഷ് മഞ്ജുവിനോട് പറഞ്ഞു ശരിക്കും ഒരെണ്ണം കൊടുത്തോളാൻ. മഞ്ജു ആദ്യം പറഞ്ഞു ഞാൻ ചെയ്യില്ലെന്ന്. അവസാനം ഞാൻ പറഞ്ഞു അടിച്ചോളൂ കുഴപ്പമില്ലെന്ന്.’
‘അങ്ങനെ സീൻ എടുത്തു. പക്ഷെ അടിച്ച ഉടൻ മഞ്ജു സോറി പറയും. അതുകൊണ്ട് കട്ട് ചെയ്ത് എടുക്കാനുള്ള ഗ്യാപ്പ് ഇല്ല. അവസാനം ഞാൻ നാല് അടിവരെ കൊണ്ടു. അങ്ങനെ ഞാൻ മഞ്ജുവിനോട് പറഞ്ഞു അടിച്ചോളൂ സോറി പറയണ്ട.’
‘ഇങ്ങനെ സോറി പറഞ്ഞാൽ ഞാൻ ഇനിയും ഒരുപാട് അടി കൊള്ളേണ്ടി വരുമെന്ന്. നല്ല സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമെ ഞാൻ കരുതിയിരുന്നുള്ളൂ’, കുഞ്ചാക്കോ ബോബൻ പറഞ്ഞു.