ജലന്ധർ: അപ്പീൽ ഉള്ളതിനാൽ കേസ് ഇനിയും നീളുമെന്ന് ബിഷപ്പ് എമിരറ്റസ് ഫ്രാങ്കോ മുളയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. ജലന്ധർ രൂപതയില്‍ ഇനിയും ബിഷപ്പ് ഇല്ലാതിരിക്കാനാകില്ല. താനും സഭാനേതൃത്വവും ചർച്ച ചെയ്താണ് രാജി തീരുമാനിച്ചത്. രാജി വെച്ചില്ലെങ്കിൽ പുതിയ ബിഷപ്പിനുള്ള നടപടിക്രമം തുടങ്ങാനാവില്ല. രാജിക്കാര്യം തനിക്ക് സ്വയം തീരുമാനിക്കാനാകില്ല. സ്വയം രാജി വെക്കുകയാണെങ്കില്‍ അത് വിമത പ്രവർത്തനമായി കാണുമെന്നും ഫ്രാങ്കോ മുളക്കൽ വിശദീകരിച്ചു.
യാത്രയയപ്പിന്‍റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെ അബ്ദുൾ കലാമിന്റെ വാചകം പറഞ്ഞ് ഫ്രാങ്കോ മുളക്കൽ. എല്ലാവർക്കും ഒരു ലക്ഷ്യം ഉണ്ടാവണം എന്ന് കലാം പറഞ്ഞിട്ടുണ്ട്. മിഷനറി ആകണം എന്നതായിരുന്നു തന്റെ ലക്ഷ്യം. കുടുംബത്തിന്റെ എതിർപ്പ് മറി കടന്നും താന്‍ മിഷനറി ആയിയെന്നും ഫ്രാങ്കോ മുളക്കല്‍ പറഞ്ഞു.
ദൈവമാണ് തന്നെ ജലന്ധറിലേക്ക് അയച്ചത്. വൈദികനും ബിഷപ്പുമായി നിരവധി പദവികളും വഹിച്ചു. രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണമെന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗമധ്യേ പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കണം. കോൺഗ്രസിനെയോ, ബിജെപിയെയോ അകാലിദളിനെയോ പിന്തുണയ്ക്കണം. ഒരു ദിവസം എംഎൽഎയെയോ മന്ത്രിയോ മുഖ്യമന്ത്രിയോ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഉണ്ടാകാം.
തനിക്ക് എതിരെ ഉണ്ടായത് കള്ള കേസാണെന്നും ഫ്രാങ്കോ കൂട്ടിച്ചേർത്തു. ഞാൻ ദൈവത്തോട് ചോദിച്ചു. തെറ്റ് ഒന്നും ചെയ്യാത്ത നീ എന്തിന് ഭയക്കണം എന്ന് ദൈവം പറഞ്ഞതെന്നും ഫ്രാങ്കോ പറഞ്ഞു. പ്രാർത്ഥനയും ദേശീയ, അന്തർ ദേശീയ മാധ്യമങ്ങളുടെ പിന്തുണയും കൊണ്ട് എന്നെ വെറുതെ വിട്ടു. വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്. ഇപ്പോൾ ജലന്ധറിലെ ദൗത്യം പൂർത്തിയായിയെന്നും ഫ്രാങ്കോ പറഞ്ഞു.
ബിഷപ്പ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളക്കലിന് ജലന്ധറിലെ സെന്‍റ് മേരിസ് കത്തീഡ്രൽ പള്ളിയിൽ വച്ചാണ് യാത്രയപ്പ് ചടങ്ങ് നടക്കുന്നത്. യാത്രയയപ്പ് ചടങ്ങ് നടക്കുന്ന സെന്റ് മേരിസ് കത്തീഡ്രലിന് പുറത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു. പൊലീസിനെയും കലാപ വിരുദ്ധ സേനയേയുമാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. മഴ മൂലം വൈകി ആരംഭിച്ച ചടങ്ങിലേക്ക് എത്തിയ ഫ്രാങ്കോയെ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.