ഭോപാൽ: പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യയിലെത്തിച്ച ചീറ്റകൾക്കു ഹൃദ്യമായ വരവേൽപാണ് രാജ്യം നൽകിയത്. ഇപ്പോഴിതാ അതിലേറെ സന്തോഷം നൽകുന്ന ഒരു റിപ്പോർട്ട് പുറത്തുവരുന്നു. നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളിൽ ഒന്ന് ഗർഭിണിയാണെന്ന സൂചനകളാണ് അധികൃതർ പങ്കുവയ്ക്കുന്നത്.
‘ആശ’ എന്ന ചീറ്റപ്പുലിയാണ് ഗര്‍ഭം ധരിച്ചത്. ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണവും ഹോര്‍മോണ്‍ അടയാളങ്ങളും ഈ ചീറ്റപ്പുലിയില്‍ പ്രകടമാണെന്ന് കുനോയില്‍ ഇവയെ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ പ്രത്യേക ശ്രദ്ധയാണ് ഈ ചീറ്റയ്ക്ക് നൽകുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വിവരം.
നമീബിയയിൽനിന്നും എത്തിച്ച എട്ടു ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടത്. അഞ്ച് പെൺ ചീറ്റപ്പുലികളും മൂന്ന് ആൺ ചീറ്റപ്പുലികളുമാണ് എത്തിച്ചവയിലുള്ളത്.
അവസാനമുണ്ടായതെന്നു കരുതപ്പെട്ട 3 ചീറ്റകളും 1947 ൽ വേട്ടയാടപ്പെട്ടതോടെയാണ് ഇന്ത്യയിൽ ഇവയ്ക്കു വംശനാശം സംഭവിച്ചത്. 1952ൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2009 ലാണ് ചീറ്റകളെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങിയത്. 5 വർഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാൻ ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നു.