ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ രണ്ട് തവണ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ആദ്യ ഏകദിനത്തില്‍ സഞ്ജു ബാറ്റിംഗിന് ഇറങ്ങും മുമ്പ് ഇന്ത്യ ജയിച്ചു. രണ്ടാം ഏകദിനത്തില്‍ താരം 12 റണ്‍സിന് പുറത്തായിരുന്നു. മൂന്നാം ഏകദിനത്തില്‍ 108 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സഞ്ജുവിനായി.
രാജ്യാന്തര തലത്തില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി ആയിരുന്നത്. മത്സരത്തിലെ താരമായും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു. എന്തായാലും സഞ്ജു സെഞ്ചുറി നേടിയ വൈറലാകുന്നത് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് മലയാളി താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ്.
പരമ്പരയ്ക്ക് മുമ്പ് തന്നെ ഡിവില്ലിയേഴ്‌സ് സഞ്ജുവിനെ കുറിച്ച് പ്രവചിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ സഞ്ജു അടിച്ചുതകര്‍ക്കുമെന്നാണ് ഡിവില്ലിയേഴ്‌സ് പ്രവചിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷം. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജു ഇഷ്ടപ്പെടും.
കാരണം, ബൗണ്‍സുള്ള ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിക്ക് അനുയോജ്യമാണ്. ബൗണ്‍സും സ്വിംഗുമുള്ള പിച്ചുകളില്‍ ബാറ്റര്‍മാര്‍ പരീക്ഷിക്കപ്പെടാമെങ്കിലും സഞ്ജുവിന്റെ ശൈലിയില്‍ ബാറ്റ് ചെയ്യുന്നവര്‍ക്ക് റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അതിന് പുറമെ വിക്കറ്റ് കീപ്പറായും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താമെന്നത് ഇന്ത്യക്ക് ഗുണകരമാണ്.” ഡിവില്ലിയേഴ്‌സ് അന്ന് പറഞ്ഞു.
എന്തായാലും ഡിവില്ലിയേഴ്‌സിന്റെ പ്രവചനം തെറ്റിയില്ല. തന്നെ ടീമില്‍ നിന്ന് തഴഞ്ഞവര്‍ക്ക് കണക്കിന് കൊടുക്കാനും ഇന്നിംഗ്‌സിലൂടെ സഞ്ജുവിന് സാധിച്ചു. മുന്‍നിര തകര്‍ന്നപ്പോഴും മൂന്നാമനായി ബാറ്റിംഗിനെത്തിയ സഞ്ജു ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.