ന്യൂഡൽഹി: ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് എയർ ഇന്ത്യ. ഈ മാസം 30 വരെയുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ നിർത്തിവച്ചത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം പരിഗണിച്ചാണ് നടപടി. ഇസ്രയേലിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നവർക്ക് പണം തിരികെ നൽകുമെന്നും കമ്പനി അറിയിച്ചു.
ന്യൂഡൽഹിയെയും ടെൽ അവീവിനെയും ബന്ധിപ്പിക്കുന്ന നാല് സർവീസുകളാണ് എയർ ഇന്ത്യ ആഴ്‌ചയിൽ നടത്തിയിരുന്നത്. ഇസ്രയേൽ ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിറുത്തി വച്ചിരുന്ന സർവീസുകൾ ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് എയർ ഇന്ത്യ പുനരാരംഭിച്ചത്.
അതേസമയം, ഇറാൻ – ഇസ്രയേൽ സംഘർഷം തുടരുകയാണ്. ഈ മാസം 13ന് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ തിരിച്ചടിച്ചു. ഇറാൻ പ്രധാന നഗരമായ ഇസഫഹാനിൽ ഇസ്രയേലിന്റെ ആപ്രതീക്ഷിത ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എബിസി ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.
ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ രംഗത്തെത്തിയിരുന്നു. ഇസ്രായേലിന്റെ ഡ്രോൺ ആക്രമണം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും, വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ മൂന്ന് ഡ്രോണുകൾ തകർത്തുവെന്നുമാണ് ഇറാൻ അറിയിച്ചത്.