കൊച്ചി: വിവാദ ഇടനിലക്കാരൻ ടി.ജി.നന്ദകുമാറിനൊപ്പം എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെ കണ്ടതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധിയായ കെ.വി.തോമസ്. വെണ്ണല ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയതാണെന്നും അവിടെവച്ച് ഇ.പിയെ യാദൃശ്ചികമായി കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നന്ദകുമാറിനെയും അദ്ദേഹത്തിന്റെ അമ്മയെയും നേരത്തേ അറിയാമെന്നും കെ.വി.തോമസ് വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധന ജാഥയിൽ നിന്നുവിട്ടുനിൽക്കുന്നതിനിടെ, നന്ദകുമാർ സംഘടിപ്പിച്ച ചടങ്ങിൽ കെ.വി.തോമസിനൊപ്പം ഇ.പി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നന്ദകുമാറിന്റെ അമ്മയെ ഇ.പി ആദരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ക്ഷേത്ര ഭാരവാഹികളാണ് ആദരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലെന്നുമായിരുന്നു ഇ.പിയുടെ വിശദീകരണം. ഇ.പി.ജയരാജനെ താൻ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് എത്തിയത് യാദൃശ്ചികമായെന്നും നന്ദകുമാറും പ്രതികരിച്ചിരുന്നു.