കൊല്ലം: നിലത്ത് വീണ മാദ്ധ്യമപ്രവര്‍ത്തകനെ പരിഹസിച്ച് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനിതകുമാരി. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ വീണത് കണ്ട് കയ്യടിച്ച അനിതകുമാരി നടക്കാന്‍ അനുവദിക്ക് എന്നും പറഞ്ഞു.
പൊലീസിനൊപ്പം നടക്കുന്നത് ചിത്രീകരിക്കുന്നതിനിടെയാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ നിലത്ത് വീണത്. ശബ്ദം കേട്ട് നടത്തം നിര്‍ത്തി തിരിഞ്ഞുനോക്കിയ ശേഷമാണ് അനിതകുമാരി കയ്യടിച്ചത്.
ചിറക്കരയിലെ ഫാംഹൗസില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സംഭവം.പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (52), ഭാര്യ എം.ആര്‍.അനിത കുമാരി (39), മകള്‍ പി.അനുപമ (21) എന്നിവരുമായാണു ക്രൈംബ്രാഞ്ച് സംഘം ഫാംഹൗസില്‍ തെളിവെടുപ്പിന് എത്തിയത്. തെളിവെടുപ്പിന് അനിതകുമാരിയെ മാത്രമാണ് പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയത്.
ഷാള്‍ കൊണ്ട് മുഖം മറച്ചാണ് അനിതകുമാരി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയത്. ഫാംഹൗസില്‍ നടത്തിയ തെളിവെടുപ്പില്‍ തീയിട്ട് നശിപ്പിക്കപ്പെട്ട നിലയില്‍ നോട്ട്ബുക്കുകളും ഇന്‍സ്ട്രുമെന്റ് ബോക്‌സും കണ്ടെത്തി. ബുക്കിലെ കൈയക്ഷരം ആറ് വയസുകാരിയുടേതല്ലെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.