പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയതായി റിപ്പോര്‍ട്ട്; ജാഗ്രത നിര്‍ദ്ദേശം
ചണ്ഡീഗഡ്: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് 80കിലോ ആയുധങ്ങള്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പോലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ കടത്തിയതെന്നാണ് വിവരം.
പാക്കിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്കാണ് ആയുധങ്ങള്‍ കടത്തിയതെന്നും ഇതിന് പിന്നില്‍ ഖലിസ്ഥാന്‍ ഭീകര സംഘടനകളാണെന്നും അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയുധക്കടത്തിന് ഐഎസ്‌ഐയുടെ സഹായവും ലഭിച്ചെന്നാണ് നിഗമനം. എകെ-47 തോക്കുകളും ഗ്രനേഡുകളുമാണ് അമൃത്സറില്‍ എത്തിച്ചതെന്നാണ് സൂചന. ഈ മാസം മാത്രം 10 ദിവസങ്ങള്‍ക്കിടെ എട്ട് തവണയാണ് ചൈനീസ് ഡ്രോണുകള്‍ ഇത്തരത്തില്‍ പഞ്ചാബിലേക്ക് ആയുധങ്ങള്‍ എത്തിച്ചത്. അഞ്ചിനും പത്തിനുമിടയ്ക്ക് ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇത്തരം ചെറു ഡ്രോണുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിവേഗത്തില്‍ ഇവ പറന്നകലുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ആയുധങ്ങള്‍ക്കു പുറമേ സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിലേക്ക് ഇതേമാര്‍ഗത്തിലൂടെ കടത്തിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജമ്മുകാഷ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായാണ് ആയുധങ്ങള്‍ എത്തിച്ചതെന്നാണ് നിഗമനം. സെപ്റ്റംബര്‍ 30ന് മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരവാദികള്‍ ഭീഷണിയുയര്‍ത്തിയതായി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് അവകാശപ്പെട്ട് ഹര്‍ദര്‍ശന്‍ സിംഗ് നാഗ്പാല്‍ എന്നയാളുടെ പേരിലയച്ച കത്തിലായിരുന്നു സ്‌ഫോടനം നടത്തുമെന്ന മുന്നറിയിപ്പുണ്ടായിരുന്നത്.