കോഴിക്കോട്: എലത്തൂര്‍ തീവണ്ടി തീവെപ്പിനു പിന്നില്‍ തീവ്രവാദമാണോ രാഷ്ട്രീയമാണോ എന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരഞ്ഞെടുപ്പ് വരുന്നതിനു മുന്‍പാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്‍പ് ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തീവെപ്പിനു പിന്നിലെ എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും സതീശന്‍ പറഞ്ഞു.
തീവെപ്പുകേസില്‍ എല്ലാ സാധ്യതകളും അന്വേഷിക്കണം. സംഭവത്തില്‍ രാഷ്ട്രീയം പ്രവര്‍ത്തിച്ചിട്ടുണ്ടോ വര്‍ഗീയതയാണോ തീവ്രവാദ സംഘടനകളാണോ അതോ ഒരു വ്യക്തിയുടെ വിക്രിയകള്‍ മാത്രമാണോ തുടങ്ങിയവയെല്ലാം ഗൗരവതരമായി അന്വേഷിക്കണം, സതീശന്‍ ആവശ്യപ്പെട്ടു.
ട്രെയിന്‍ ആക്രമണ കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ. പരിക്ക് പറ്റിയ പ്രതി മുഖം മറച്ച് രണ്ട് പ്രധാന റെയില്‍വെ സ്റ്റേഷനുകളിലൂടെ യാത്ര ചെയ്തിട്ടും പൊലീസിന്റെ ഒരു പരിശോധനയും ഉണ്ടായില്ല. മഹാരാഷ്ട്ര എ.ടി.എസ് പിടിച്ച പ്രതിയെ കേരളത്തില്‍ എത്തിക്കുക മാത്രമാണ് കേരള പൊലീസ് ചെയ്തത്. വിവാദമായ കേസില്‍ ഉള്‍പ്പെട്ട പ്രതിയെ കൊണ്ടു വന്നതും ഒരു സുരക്ഷയുമില്ലാതെയാണ്. എന്നിട്ടും മുഖ്യമന്ത്രി ആരെയാണ് അഭിനന്ദിച്ചതെന്ന് മാത്രം മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി ബി.ജെ.പി. നേതാക്കള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് സതീശന്‍ വിമര്‍ശിച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതത്വമുണ്ട്. അധികാരത്തില്‍ ഇരിക്കുന്നവരെ വെറുപ്പിക്കണമെന്ന് ആരും ആഗ്രഹിക്കില്ല. വിവിധ സംഘടനകള്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് പരിശോധിച്ചാല്‍ രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുണ്ടോയെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് അനുകൂലമായ പ്രസ്താവനകള്‍ സഭാ നേതൃത്വങ്ങളുടെ ഭാഗത്ത് നിന്നുണ്ടായെന്ന് പറയുന്നില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധി ബിഷപ്പ് ഹൗസ് സന്ദര്‍ശനത്തിന് എത്തിയാല്‍ അത് പറ്റില്ലെന്നു പറയാന്‍ സാധിക്കില്ല. അരക്ഷിതത്വം കൂടിയുള്ളത് കൊണ്ടാണ് അവരെ സ്വീകരിക്കുന്നത്. ഒരു സംസ്ഥാനങ്ങളിലും ഒരു സംഘപരിവാര്‍ സംഘടനയും ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ വി. മുരളീധരനോ കെ. സുരേന്ദ്രനോ കൃഷ്ണദാസിനോ സാധിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.