ചെറുതോണി: അണക്കെട്ടുകള്‍ തുറന്നിട്ടും ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.86 അടിയായി.
ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല. ഈ സാഹചര്യത്തില്‍ തുറന്നു വെച്ചിട്ടുള്ള ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളവും വൃഷ്ടിപ്രദേശത്തെ ഇടവിട്ടുള്ള മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതുമാണ് ജലവിതാനം താഴാത്തതിന് കാരണം. അഞ്ചു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ മൂന്നുലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഇതേത്തുടര്‍ന്ന് ചെറുതോണിപ്പുഴയിലും, പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 140 അടിയോട് അടുക്കുകയാണ്. നിലവില്‍ ജലനിരപ്പ് 139.55 അടിയായി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സെക്കന്‍ഡില്‍ ഏഴായിരത്തോളം ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നുവിടുമെന്നാണ് സൂചന.
മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം പെരിയാറിലേക്ക് ഒഴുകിയെത്തിയതോടെ മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. രാത്രിയില്‍ ക്യാമ്ബുകളിലേക്കും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും ഈ വീടുകളിലെ ആളുകള്‍ മാറി താമസിച്ചു. പെരിയാറിലേക്ക് കൂടുതല്‍ ജലം എത്തിയതോടെ തീരവാസികള്‍ ആശങ്കയിലാണ്.
ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. 164.33 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. അപ്പർ റൂൾ കർവ് 163 മീറ്റർ ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തും. രണ്ടും മൂന്നും ഷട്ടറുകളാണ് ഉയർത്തുക.
അണക്കെട്ടിന് ആകെ നാല് ഷട്ടറുകൾ ആണുള്ളത്. സെക്കന്‍റിൽ 50 – 100 ക്യുമെക്സ് വെള്ളം തുറന്നുവിടും. അണക്കെട്ടിലെ അനുവദനീയമായ പരമാവധി സംഭരണശേഷി 169 മീറ്റർ ആണ്.
ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ആറിയിച്ചു. എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാൻ 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.