തിരുവനന്തപുരം:നാലംഗ കുടുംബത്തിന് മാസം 15,000 ലീറ്റർ വെള്ളം മതിയെന്നും 30,000 ലീറ്ററിലധികം വെള്ളം ഉപയോഗിക്കേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ എന്നും ചോദിച്ച ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ ഉപയോഗിച്ചത് 1.22 ലക്ഷം ലീറ്റർ വെള്ളം. മാസം ശരാശരി 60,000 ലീറ്റർ. നിയമസഭയിൽ സനീഷ്കുമാർ ജോസഫിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി തന്നെയാണ് കണക്കു വെളിപ്പെടുത്തിയത്.
2 വാട്ടർ കണക്‌ഷനുകളാണ് മന്ത്രിയുടെ വീട്ടിലുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിൽ ഒരു കണക്‌ഷനിൽ 112 കിലോ ലീറ്ററും രണ്ടാമത്തേതിൽ 10 കിലോ ലീറ്ററും വെള്ളം ഉപയോഗിച്ചു. രണ്ടിലുമായി 2542 രൂപ ബിൽ. കഴിഞ്ഞവർഷമാകെ ഉപയോഗിച്ചതു 481 കിലോ ലീറ്റർ; മാസം ശരാശരി 40,000 ലീറ്റർ.
ഏതാനും ജീവനക്കാരും വെള്ളം ഉപയോഗിക്കുന്നുണ്ടെന്നു വേണമെങ്കിൽ ന്യായം പറയാം. എന്നാൽ, 30,000 ലീറ്ററിലധികം വേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ എന്ന മന്ത്രിയുടെ ചോദ്യത്തിനു സ്വന്തം വീട്ടിൽനിന്നു തന്നെ ഉത്തരമായി. വാട്ടർ ചാർജ് വർധനയെ ന്യായീകരിച്ച് കഴിഞ്ഞമാസം ആറിനായിരുന്നു നിയമസഭയിൽ മന്ത്രിയുടെ ചോദ്യം. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.