കോട്ടയം: എരുമേലി കണമലയിൽ നാടിനെ നടുക്കിയ കാട്ടുപോത്ത് രണ്ടുപേരുടെ ജീവനെടുത്തു വിരണ്ടോടിയതെന്നു സൂചന.. ഈ സംഭവവും വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നു. കാട്ടുപോത്തിനെ വെടിവയ്ക്കണമെന്ന് ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ വനംവകുപ്പിന് ലഭിച്ചിരിക്കുന്നത്. ഇക്കാര്യം ഗൗരവമായി വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. കാട്ടുപോത്തിനെ ആരോ വെടിവച്ചു വീഴ്‌ത്താൻ ശ്രമിച്ചതായാണ് സൂചന. വെടി ശബ്ദം കേട്ട് ഓടിയ കാട്ടുപോത്ത് ജനവാസ മേഖലയിലേയ്ക്കാണ് ഓടിയത്.
സാധാരണ ഏതെങ്കിലും ജീവികൾ ഉപദ്രവിച്ചാലോ മറ്റോ കാട്ടുപോത്ത് വിരണ്ടോടുകയോ ആരെയെങ്കിലും ആക്രമിക്കാറുള്ളുവെന്നു വനപാലകർ വ്യക്തമാക്കുന്നു. വനം കേന്ദ്രീകരിച്ചു വനപാലകർ തിരഞ്ഞെങ്കിലും അപകടകാരിയായ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിരണ്ടോടിയ കാട്ടുപോത്ത് പമ്പ വന മേഖലയിലേയ്ക്ക് പോയതാണ് വനം വകുപ്പ് നൽകുന്ന സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കലിപ്പൂണ്ട കാട്ടുപോത്ത് രണ്ടു പേരെ കൊലപ്പെടുത്തിയത്. വേട്ടക്കാരെ ഭയന്നോടിയ കാട്ടുപോത്താണ് അപകടകാരിയായതെന്നാണ് വിലയിരുത്തൽ.
വനത്തിൽ നിന്നും മാറി കണമല അട്ടിവളവു മേഖലയിലാണു കാട്ടുപോത്ത് എത്തിയത്. മറ്റ് വന്യജീവികളെ ഈ മേഖലയിൽ കാണാറുണ്ടെങ്കിലും കാട്ടുപോത്ത് അപൂർവമാണ്. വനമേഖല അല്ലാത്തതിനാൽ ആരും പ്രതീക്ഷിച്ചിരുന്നതുമല്ല. ഈ സാഹചര്യത്തിൽ കാട്ടുപോത്ത് എങ്ങനെ വന്നുവെന്നാണ് ഏവരുടെയും സംശയം.
ആരോ ഭയപ്പെടുത്തി ഓടിച്ചതായുള്ള സംശയം ഇതോടെ ബാലപ്പെട്ടു. നാട്ടുകാരിൽ ചിലർ ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുമുണ്ട്.
അതേസമയം കാട്ടുപോത്തിനെ കണ്ടെത്തുന്നതിനു വനപാലകർ തിരച്ചിൽ നടത്തുന്നുണ്ട്. 50 അംഗ വനപാലക സംഘത്തിൽ രണ്ടു വെറ്ററിനറി ഡോക്ടർമാരുമുണ്ട്. ജനവാസ മേഖലയിൽ എത്തിയാൽ മാത്രമേ കാട്ടുപോത്തിനെ വെടിവയ്ക്കാൻ അനുമതിയുള്ളുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 22 നകം കാട്ടുപോത്തിനെ കണ്ടെത്തി വെടിവയ്ക്കുമെന്ന് കലക്ടർ അറിയിച്ചിരുന്നു. വെടിവയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വ്യാപക പ്രതിഷേധത്തിലാണ്.
കാട്ടുപോത്ത് ആക്രമിച്ചുള്ള മരണം കണമലക്കാർക്ക് പുതിയ അനുഭവമാണ്. കാട്ടുപന്നിയും കുരങ്ങും തുടങ്ങി വന്യജീവികൾ പ്രദേശത്തിറങ്ങി കൃഷിയിടങ്ങളിലെ നാശമുണ്ടാക്കുന്നത് പതിവാണെങ്കിലും ഇത് ആദ്യമാണ് കാട്ടുപോത്തിറങ്ങി രണ്ട് പേരുടെ ജീവനെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇതിന് സമീപം കോഴിക്കക്കാവ് ഭാഗത്ത് കൂട്ടിൽ കിടന്ന ആടിനെ കടിച്ച് കൊന്നിരുന്നു. ഇത് പുലിയാണെന്ന് നാട്ടുകാർക്ക് സംശയം ഉയർന്നിരുന്നു. എന്നാൽ വനംവകുപ്പ് ഇത് സ്ഥിതീകരിച്ചിട്ടില്ല.
വനം വകുപ്പ് ക്യാമറ സ്ഥാപിച്ചാൽ വന്യജീവിയെ പിടിക്കാൻ ആകുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പല തവണ കാട്ടുപന്നികൾ കൃഷിയിടങ്ങൾ നശിപ്പിച്ചു. കർഷകരും തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് അതിരാവിലെ ഇറങ്ങി സന്ധ്യക്ക് വീട്ടിൽ കേറുന്നവരാണ്. എന്നാൽ ഇനി മുന്നോട്ട് എങ്ങനെയെന്നാണ് നാട്ടുകാരുടെ ഭീതി. പട്ടണങ്ങളിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളടക്കമുള്ളവർ ഇനി ഭീതിയോടെയാകും സഞ്ചരിക്കേണ്ടത്.
ശബരിമല പാതയോട് ചേർന്നാണ് കാട്ടുപോത്ത് ഇറങ്ങി രണ്ട് പേരുടെ ജീവനെടുത്തത്. ഇതര സംസ്ഥാന തീർത്ഥാടകരടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന പാതയിൽ ഇനിയൊരു ആക്രമണം ഉണ്ടോകുമോയെന്ന പേടിയിലാണ് ഇവിടുത്തെ നാട്ടുകാർ. ഇനി പ്രദേശത്ത് വന്യജീവികളിറങ്ങി നാട്ടുകാരുടെ ജീവനെടുക്കുന്ന സംഭവങ്ങളുണ്ടാകാതിരിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.