24.7 C
Kottayam
Tuesday, May 28, 2024

തനിക്കെതിരായ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

Must read

പാലക്കാട്: തനിക്കെതിരായ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരെ താന്‍ ധര്‍മ്മടത്ത് മത്സരിച്ചതിനാലാണ് തനിക്കെതിരെ വ്യക്തിഹത്യ നടന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വാളയാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വീട്ടില്‍ കേസിലെ പ്രതികളൊക്കെ വന്നു താമസിച്ചുവെന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. ഒരു തവണയെങ്കിലും വാസ്തവം അറിയാനോ വിവരം അന്വേഷിക്കാനോ ഇങ്ങോട്ട് വരികയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ക്കൊക്കെ എന്ത് വേണമെങ്കിലും പറയാമല്ലെന്നും പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നു.

2019ല്‍ പ്രതികളെ വെറുതെ വിട്ട സമയത്ത് സര്‍ക്കാരിനെയും ഡിവൈഎസ്പി സോജനെയും വിമര്‍ശിച്ചയാളാണ് ഇപ്പോള്‍ മറുകണ്ടം ചാടി തങ്ങള്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്നതെന്നും അത് ഗൂഢാലോചനയാണെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

ധര്‍മടം മണ്ഡലത്തില്‍ മത്സരിച്ചത് വിജയിച്ച് എംഎല്‍എ ആകാനല്ല. പ്രതിഷേധ സൂചകമായിട്ടാണ് ധര്‍മടം മണ്ഡലത്തില്‍ മത്സരിച്ചത്. കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. കേസിന്റെ ഫയല്‍ കിട്ടിയെന്ന് അറിയിച്ച് വിവരം ലഭിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് തലേന്ന് രാത്രിയാണ് വാളയാര്‍ കേസിന്റെ അന്വേഷണത്തിന്റെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആദ്യ കുട്ടി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ പരാതിപ്പെട്ടില്ലെന്നും പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് അമ്മ നേരിട്ട് കണ്ടിട്ടും പരാതി നല്‍കിയില്ലെന്നും പ്രതിയെ വീട്ടില്‍ വിലക്കിയില്ലെന്നും ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

പ്രതിയെ വീട്ടില്‍ വിലക്കിയില്ലെന്നും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതികളില്‍ ഒരാളുടെ പേര് മറച്ചു വെച്ചെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തെന്നും ആയിരുന്നു ഹരീഷ് വാസുദേവന്റെ പോസ്റ്റില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് എതിരെയുള്ള ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week