InternationalNews

അയച്ചത് യുക്രൈന്‍ പിടിയ്ക്കാന്‍,തിരിച്ചെത്തിയത് പുതിനെ അട്ടിമറിയ്ക്കാന്‍,ഭസ്മാസുരന്ററ വരമായി മാറിയ വാഗ്നര്‍ ഗ്രൂപ്പ്‌

മോസ്കോ: കാല്‍ നൂറ്റാണ്ടോളമായി റഷ്യന്‍ അധിപനായി തുടരുന്ന പ്രസിഡന്റ് വ്ലാദിമിർ പുതിൻ തന്റെ ഭരണകാലയളവിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. പുതിന് വേണ്ടി യുക്രൈനിൽ പോരാട്ടം നയിച്ച വാഗ്നർ സംഘം ഒരു സുപ്രഭാതത്തിൽ രാജ്യത്തെനിതിരേ തന്നെ തിരിഞ്ഞിരിക്കുയാണ്. നിലവിൽ മോസ്കോ ലക്ഷ്യം വെച്ച് നീങ്ങുകയാണ് വാഗ്നർ സംഘം.

വെള്ളിയാഴ്ച ടെലഗ്രാം വഴി പങ്കുവെച്ച വീഡിയോയിൽ കൂടിയാണ് വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗനി പ്രിഗോസിൻ സൈന്യത്തിനെതിരേ തിരിഞ്ഞത്. റഷ്യൻ സേനയുടെ നേതൃത്വത്തെ തകർക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും തങ്ങളുടെ വഴിയിൽ തടസ്സം നിൽക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്നായിരുന്നു പ്രിഗോഷിന്റെ മുന്നറിയിപ്പ്. യുക്രൈനെതിരേ തിരിഞ്ഞ റഷ്യയെ എതിർക്കുകയും ചെയ്യുന്നതായിരുന്നു പ്രിഗോസിന്റെ വീഡിയോ എന്നതാണ് ഏറെ ശ്രദ്ധേയം.

‘റഷ്യന്‍ സൈന്യത്തിലെ തിന്മകള്‍ അവസാനിപ്പിക്കണം. ഞങ്ങളുടെ ചെറുപ്പക്കാരേയും പതിനായിരക്കണക്കിന് റഷ്യന്‍ സൈനികരേയും കൊന്നവരെ ശിക്ഷിക്കണം. ആരും പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ട. ഭീഷണിയായി നില്‍ക്കുന്നവരെയെല്ലാം നശിപ്പിക്കും. ഇതൊരു സൈനിക കലാപമല്ല, നീതിക്കായുള്ള മാര്‍ച്ചാണ്’- എന്നായിരുന്നു ടെലിഗ്രാം വഴി യെവ്ഗനി പ്രിഗോഷിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ചയായിരുന്നു പ്രിഗോഷിന്റെ വീഡിയോ പുറത്തുവന്നത്.

എന്നാൽ, ഇതിന് മറുപടിയായി, ‘റഷ്യന്‍ സേനയ്‌ക്കെതിരെ ആയുധമെടുക്കുന്നവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളാണ്’ എന്ന് വ്യക്തമാക്കിക്കൊണ്ട് പുതിൻ രംഗത്തെത്തി.

ശനിയാഴ്ചയോടെ തന്റെ സംഘം യുക്രൈൻ അതിർത്തി കടന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് പ്രിഗോസിൻ വീണ്ടും രംഗത്തെത്തി. പ്രിഗോസിന്റെ കൂറ്റൻ സംഘം റഷ്യയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങൾ പിടിച്ചെടുത്ത് മുന്നേറി എന്നാണ് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റസ്തോഫ്നദനനിൽ നിന്ന് വൊറോണെഷിലേക്കും അവിടെ നിന്ന് ലൈപേസ്കയിലേക്കും സംഘം നീങ്ങിയതായി ഔദ്യോഗികമായിത്തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നു.

പ്രിഗോസിന്റെ കൂറ്റൻ സൈന്യത്തിന്റെ വാഹനങ്ങൾ ഈ നഗരങ്ങൾ പിന്നിട്ടു പോകുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇവ ബിബിസി സ്ഥിരീകരിക്കുകയും ചെയ്തു. 25,000-ത്തോളം പടയാളികള്‍ വരുന്ന ട്രൂപ്പുകളാണ് വാഗ്നർ സംഘത്തിലുള്ളതെന്നാണ് . റിപ്പോർട്ട് ചെയ്യുന്നത്.

വാഗ്നർ ഗ്രൂപ്പിനോട് റഷ്യയ്ക്കെതിരായ നീക്കം അവസാനിപ്പിക്കാനും സ്വന്തം താവളങ്ങളിലേക്ക് തിരികെ പോകാനും യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിന് നേതൃത്വം നല്‍കുന്ന ഉപതലവന്‍ ജെന്‍ സെര്‍ജി സുരോവികിന്‍ ആവശ്യപ്പെട്ടുവെങ്കിലും സംഘം മോസ്കോ ലക്ഷ്യം വെച്ച് നീങ്ങുകയാണ്.

പ്രിഗോഷിന്റേത് പ്രസിഡന്റിനേയും രാജ്യത്തേയും പിന്നില്‍നിന്ന് കുത്തുന്ന നടപടിയെന്ന് മറ്റൊരു മുതിര്‍ന്ന കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ വ്‌ളാഡിമിര്‍ അലെക്‌സ്യേവ് പറഞ്ഞു. സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്ന് യുക്രൈൻ പ്രതിരോധമന്ത്രാലയവും യു.എസും അറിയിച്ചു. സഖ്യകക്ഷികളുമായി കൂടിയാലോചന നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

യുക്രൈനിലെ പ്രധാന നഗരമായ ബക്മൂതില്‍ കഴിഞ്ഞ മാസം അവസാനം നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ വാഗ്നര്‍ ഗ്രൂപ്പും റഷ്യന്‍ സൈന്യവും നല്ല രീതിയിൽ തന്നെയായിരുന്നു യുക്രൈനിൽ മുന്നേറിക്കൊണ്ടിരുന്നത്. ഇതിനിടെ സൈനിക പിന്തുണ ലഭിക്കുന്നില്ലെന്നും ആയുധങ്ങളും മറ്റും നല്‍കുന്നില്ലെന്നുമുള്ള പരിഭവം പറഞ്ഞ് വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ജനി പ്രിഗോസിനും പുതിനും തമ്മില്‍ ചെറിയ അസ്വാരസ്യമുണ്ടായിരുന്നുവെങ്കിലും ബക്മൂതില്‍ യുക്രൈനിനെതിരേ വീണ്ടും ഒന്നിച്ചു പോരാടുകയായിരുന്നു.

എന്നാല്‍, ബക്മൂത് കയ്പിടിയില്‍ ഒതുക്കിയതോടെ റഷ്യ തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആരോപണം വാഗ്നർ സംഘം ശക്തമാക്കി. മാത്രമല്ല, യുദ്ധം ഒന്നരവര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കും വാഗ്നര്‍ ഗ്രൂപ്പിന് വലിയ ആള്‍നാശവുമുണ്ടായി. തങ്ങളുടെ സൈന്യത്തില്‍ ആള്‍നാശമുണ്ടായെങ്കിലും ജയിലുകളില്‍നിന്നുള്ള തടവുപുള്ളികളുടെ റിക്രൂട്ട്‌മെന്റിന് കൂടെ തടസ്സമായതോടെയാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായത്. ഇതോടെ സംഘം പുതിനെതിരേ നീങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button