മോസ്കോ: റഷ്യയിൽ അട്ടിമറി നീക്കവുമായി വിമതനീക്കം ശക്തം. മോസ്കോയിലേക്ക് അതിവേഗം നീങ്ങുകയാണ് കൂലിപ്പട്ടാളമായ വാഗ്നർ സേന. അതേസമയം രാജ്യ ദ്രോഹം ആരോപിച്ച റഷ്യ വിമതർക്കെതിരെ വ്യോമാക്രമണം തുടങ്ങി. അതീവ ഗൌരവമേറിയ സാഹചര്യമാണെന്ന് വിശദീകരിച്ച മോസ്കോ മേയർ, നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചതായും അറിയിച്ചിട്ടുണ്ട്.
അട്ടിമറി നീക്കവുമായി മുന്നോട്ടുപോകുന്ന വാഗ്നർ സേനയ്ക്ക് സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന സംശയമാണ് റഷ്യയെ മുൾമുനയിൽ നിർത്തുന്നത്. അതീവ ഗുരതര സാഹചര്യം കണക്കിലെടുത്ത് സുഹൃദ് രാജ്യങ്ങളുടെ തലവൻമാരുമായി ഫോണിൽ സംസാരിച്ച് പുടിൻ സഹായം തേടിയതായുള്ള വിവരങ്ങളും പുറത്തുവന്നു. തുർക്കിയടക്കമുള്ള രാജ്യങ്ങൾ ഇതിനോടകം പുടിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്.
മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്ന വിമതർ രണ്ട് റഷ്യൻ സൈനിക കേന്ദ്രങ്ങളും റഷ്യൻ ഗ്രാമങ്ങളും പിടിച്ചെടുത്തു. ബലാറൂസ് ഖസാക്കിസ്ഥാൻ എന്നിവയുടെയും പിന്തുണ പുടിൻ തേടിയിട്ടുണ്ട്. അതേസമയം, പുടിൻ മോസ്കോ വിട്ടതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത പുടിന്റെ ഓഫീസ് നിഷേധിച്ചു. അതേസമയം മോശം സാഹര്യം കണക്കിലെത്ത് ലാത്വിയ. അതിർത്തിയടച്ചു. യുദ്ധത്തിലേർപ്പിട്ടിരിക്കുന്ന യുക്രൈനും സംഭവത്തിൽ പ്രതികരണവുമായി എത്തി. ഞങ്ങൾ നിരീക്ഷിക്കുകയാണ് എന്നാണ് യുക്രൈൻ പ്രതിരോധ വിഭാഗം ട്വിറ്ററിൽ കുറിച്ചത്.
പലരും ഇതിനെ വിളിക്കുന്നത് ഒരു സ്വകാര്യ മിലിട്ടറി കമ്പനി എന്നാണ്. പക്ഷെ അത് പൂർണമായും ശരിയല്ല. കാരണം, വാഗ്നർ ഗ്രൂപ്പ് പൂർണമായും പ്രൈവറ്റോ കമേർഷ്യലോ അല്ല. അതിന് കൃത്യമായ ക്രെംലിൻ ബന്ധങ്ങളുണ്ട്. വാഗ്നറിന്റെ പിന്നിലെ ബുദ്ധികേന്ദ്രം, ‘പുടിൻ’സ് ഷെഫ്’ എന്നറിയപ്പെടുന്ന യേവ്ജനി പ്രിഗോഷിൻ ആണ്. പുറ്റിനുമായി അടുത്ത ബന്ധങ്ങളുള്ള ഇയാൾ ക്രെംലിന്റെ പരിപാടികൾക്ക് കാറ്ററിങ് ഏറ്റെടുത്ത് നടത്തിയിരുന്നു. അതിൽ നിന്ന് പ്രെഗോഷിൻ നേരെ ചാടുന്നത്,’റഷ്യൻ ട്രോൾഫാക്ടറി’ എന്ന ഇന്റർനെറ്റ് റിസർച്ച് ഏജൻസി നടത്തുന്നതിലേക്കാണ്.
2016 -ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന ആക്ഷേപം നേരിട്ട സൈബർ ഏജൻസിയാണ് റഷ്യൻ ട്രോൾ ഫാക്ടറി. യാതൊരു മുൻപരിചയവും ഇല്ലാതിരുന്നിട്ടും പ്രെഗോഷിൻ ഇന്ന് നയിക്കുന്നത് പരിശീലനം സിദ്ധിച്ച അമ്പതിനായിരത്തോളം വരുന്ന സായുധ പോരാളികളുടെ ഒരു സ്വകാര്യ മിലീഷ്യയെ ആണ്. ദിമിത്രി ഉറ്റ്കിൻ എന്ന റിട്ടയേർഡ് റഷ്യൻ സൈനിക ഇന്റലിജൻസ് ഓഫീസർ ആണ് വാഗ്നർ സേനയുടെ സ്ഥാപക കമാണ്ടർ.
2014 -ൽ ക്രൈമിയയിൽ ഒരു പ്രോക്സി വാർ നയിക്കാൻ വേണ്ടിയാണ് ഉറ്റ്കിനെയും സംഘത്തെയും മോസ്‌കോ ആദ്യമായി പറഞ്ഞു വിടുന്നത്. ഉത്തരവാദിത്തത്തിൽ നിന്ന് എളുപ്പത്തിൽ കൈകഴുകാവുന്ന ഒരു പോരാളി സംഘം എന്ന നിലയ്ക്കാണ് വാഗ്നർഗ്രൂപ്പിനെ ക്രെംലിൻ പ്രയോജനപ്പെടുത്തി വന്നിരുന്നത്. .പുടിനോടുള്ള ബന്ധത്തിന്റെ പുറത്ത് സമ്പത്ത് വാരിക്കൂട്ടിയ പ്രിഗോഷിൻ മെറോ ഗോൾഡ് എന്ന സുഡാനീസ് സ്വർണ ഖനന കമ്പനിയെ അടുത്തിടെ സ്വന്തമാക്കിയിരുന്നു.