25.5 C
Kottayam
Sunday, May 19, 2024

വാഗ്നർ തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Must read

മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.

പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റഷ്യന്‍ പ്രസിഡന്റ്‌ പുതിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗനി പ്രിഗോഷിന്‍ 2014-ല്‍ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്നര്‍ അഥവാ വാഗ്നര്‍ പട്ടാളം. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി.

അതേസമയം, ഇവർ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യൻ വ്യോമപ്രതിരോധ സേന, മോസ്കോയുടെ വടക്ക് ട്വർ പ്രദേശത്ത് വെടിവച്ചിട്ടതാണെന്ന് വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനൽ ഗ്രെ സോൺ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

യുക്രെയ്നെതിരായ യുദ്ധത്തിൽ മുന്നണിപ്പോരാളികളായിരുന്നു വാഗ്നർ ഗ്രൂപ്പ്. ഇതിനിടെ റഷ്യയിൽ പട്ടാള അട്ടിമറിക്ക് പ്രിഗോഷിൻ ശ്രമിച്ചു. പ്രസിഡന്റും പ്രധാനമന്ത്രിയുമായി 23 വർഷമായി അധികാരത്തിലിരിക്കുന്ന വ്ലാഡിമിർ പുട്ടിന്റെ മുഖത്തേറ്റ അടിയായിരുന്നു സ്വകാര്യ സൈന്യമായ വാഗ്നർ ഗ്രൂപ്പ് സ്വന്തം രാജ്യത്തിനെതിരെ തിരിഞ്ഞ സംഭവം. തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റർ അടുത്തെത്തിയ ശേഷമാണ് ഒത്തുതീർപ്പു ചർച്ചകളുടെ ഫലമായി കലാപസേന പിന്തിരിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week