മോസ്കോ:റഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി വാഗ്നര്‍ സേന നടത്തിയ അട്ടിമറി നീക്കങ്ങളില്‍ നിന്ന് താത്കാലിക പിൻവാങ്ങല്‍.
മോസ്കോ ലക്ഷ്യമാക്കി വാഗ്നര്‍സേന മുന്നേറുന്നതിനിടെ ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥത ശ്രമങ്ങള്‍ വിജയം കണ്ടാതായാണ് റിപ്പോര്‍ട്ടുകള്‍. ബെലൂറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ വാഗ്നര്‍ സേനയുടെ മേധാവി യെവെനി പ്രിഗോഷിൻ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മോസ്കോ ലക്ഷ്യമാക്കിയുള്ള വാഗ്നര്‍ സേനയുടെ മാര്‍ച്ച് നിര്‍ത്തിവെക്കാൻ പ്രിഗോഷിൻ സമ്മതിച്ചതായി റഷ്യൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മോസ്കോയ്ക്ക് 200 കിലോമീറ്റര്‍ അകലെ വരെ തന്റെ സേന എത്തിയിരുന്നതായാണ് പ്രിഗോഷിൻ പറയുന്നത്. രക്ത ചൊരിച്ചില്‍ ഒഴിവാക്കാൻ തത്കാലം പിൻവാങ്ങുന്നതായും അദ്ദേഹം സന്ദേശത്തിലൂടെ വ്യക്തമാക്കി. വാഗ്നര്‍ സേനയോട് ക്യാമ്ബുകളിലേക്ക് മടങ്ങാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്.
ബെലൂറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ പ്രിഗോഷിനുമായി ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് പുറത്ത് വന്നിട്ടില്ല. പിൻമാറ്റത്തിന് പകരമായി വാഗ്നര്‍ ഗ്രൂപ്പുകള്‍ക്കുള്ള സുരക്ഷാ ഉറപ്പുകള്‍ നല്‍കിയതായി സൂചനയുണ്ട്.
പുതിനുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ബെലൂറൂസ് പ്രസിഡന്റ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയത്.യുക്രൈൻ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന സ്വകാര്യ കൂലിപ്പട്ടാളമായ വാഗ്നര്‍ സേന അവര്‍ക്കുനേരെ തന്നെ തിരിഞ്ഞത് റഷ്യക്കും പുതിനും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
യുക്രൈൻ അതിര്‍ത്തികടന്നെത്തി റഷ്യൻ സൈനികനഗരമായ റൊസ്തോവ് വാഗ്നര്‍ സേന പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മറ്റു പ്രധാനനഗരങ്ങളും ലക്ഷ്യമിട്ട് തലസ്ഥാനമായ മോസ്കോയിലേക്ക് മാര്‍ച്ച് നടത്തിയതോടെ റഷ്യൻ തലസ്ഥാനത്ത് അതിജാഗ്രത പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മേയര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
പ്രതിസന്ധി രൂക്ഷമായതിനിടെ പുതിൻ മോസ്കോ വിട്ടതായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മധ്യസ്ഥ ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുന്നത്.