ഗുവാഹത്തി: ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് മെഷീന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിച്ച ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോളിങ് പ്രഖ്യാപിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട കരിംഗഞ്ജില്‍ തിരഞ്ഞെടുപ്പ് ഡൂട്ടിക്ക് നിയോഗിച്ചിരുന്ന നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണേന്ദു പോളിന്റെ കാറില്‍ നിന്നാണ് വോട്ടിങ് മെഷീന്‍ കണ്ടെത്തിയത്.
കരിംഗഞ്ജില്‍ ഇന്നലെ നടന്ന രണ്ടാം ഘട്ട വോട്ടിങ് അവസാനിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് സ്ഥാനാര്‍ത്ഥിയുടെ കാറില്‍ പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രവുമായി യാത്ര ചെയ്യുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കരിംഗഞ്ജില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ സ്ഥാനാര്‍ത്ഥി പോളിന്റെ മകന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മഹിന്ദ്ര ബൊലേറൊയിലാണ് യന്ത്രം കണ്ടെത്തിയത്. വോട്ടിങ് കഴിഞ്ഞ ശേഷം യന്ത്രം സ്ട്രോംറൂമിലേക്ക് മാറ്റുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.
എംഎല്‍എയോടൊപ്പം സഞ്ചരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കമ്മീഷന്‍ അച്ചടക്കനടപടി സ്വീകരിച്ചു. ബിജെപി എംഎല്‍എയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് യാത്ര ചെയ്തിരുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് അറിയുമായിരുന്നില്ലെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ റിപോര്‍ട്ട് നല്‍കിയതായാണ് അറിവ്. രതാബാരിയിലെ എംവി സ്‌കൂളിലാണ് വീണ്ടും പോളിങ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
പോളിങ് പാര്‍ട്ടി സഞ്ചരിച്ച വാഹനം ഇടയില്‍ കേടുവന്നുവെന്നും അവര്‍ക്ക് ഇക്കാര്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും തൊട്ടടുത്ത് കടന്നപോയ ഒരു കാറില്‍ അവര്‍ കൈകാണിച്ച് യാത്ര ചെയ്യുകയായിരുന്നുവെന്നുമാണ് പുറത്തുവന്ന മറ്റ് വിശദീകരണം. ആ കാറ് പത്താര്‍കണ്ഡി എംഎല്‍എയുടേതായിരുന്നുവെന്നും അവര്‍ക്കറിയുമായിരുന്നില്ലത്രെ.
രണ്ടാംഘട്ട തെരഞ്ഞെടുപ്പു നടന്ന പശ്ചിമബംഗാളിലും ആസാമിലും റിക്കാര്‍ഡ് പോളിംഗ് ആണ് അനുഭവപ്പെട്ടത്. ആസാമിലും ബംഗാളിലുമായി 69 നിയമസഭാ മണ്ഡലങ്ങളിലേക്ക് 21,212 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പു നടന്നത്. ഇന്നലെ രാത്രി ഏഴുവരെയുള്ള കണക്കുകള്‍ പ്രകാരം ആസാമില്‍ 76.76 ശതമാനവും പശ്ചിമബംഗാളില്‍ 80.53 ശതമാനവുമാണു പോളിംഗ്. പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മുന്‍വിശ്വസ്തനും ബിജെപി സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ 70.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 30 നിയമസഭാ മണ്ഡലങ്ങളിലായി 75.94 വോട്ടര്‍മാരാണുള്ളത്.
പശ്ചിം മേദിനിപുരിലെ ഒന്‍പതു സീറ്റിലും ബന്‍കുരയിലെ എട്ട്, സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നാല്, പൂര്‍വ മേദിനിപുരിലെ ഒന്‍പതു സീറ്റിലുമാണ് ഇന്നലെ പോളിംഗ് നടന്നത്. തെരഞ്ഞെടുപ്പി നിടെ നന്ദിഗ്രാമില്‍ ഉള്‍പ്പെടെ പലയിടങ്ങളില്‍ ബിജെപി-പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മമതയുടെ സാന്നിധ്യത്തില്‍ ഗോകുല്‍നഗറിലെ പോളിംഗ് ബൂത്തിനുമുന്നില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. തകപുരയില്‍ സുവേന്ദുവിന്റെയും കമല്‍പുരില്‍ മാധ്യമപ്രവര്‍ത്തകന്റെയും കേശ്പുരില്‍ ബിജെപി പ്രാദേശിക നേതാവ് തന്മയ് ഘോഷിന്റെയും വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. കേശ്പുരില്‍ ബൂത്ത് ഏജന്റിനു മര്‍ദനമേറ്റു.
ആസാമില്‍ ബാരക് താഴ്വരയിലെ 15 നിയമസഭാ സീറ്റുകളിലേതുള്‍പ്പെടെ 39 സീറ്റുകളിലേക്കായിരുന്നു ഇന്നലെ പോളിംഗ്. കരിംഗഞ്ച്, ഹൈലാകന്ദി, കാച്ചര്‍, ദിമ ഹസാവു, കര്‍ബി അംഗ്ലോംഗ്, വെസ്റ്റ് കര്‍ബി അംഗലോംഗ്, കാംരൂപ്, നല്‍ബാരി, ഉദല്‍ഗുരി, മൊറിഗാവ്, നാഗാവ്, ഹോജായ്, ദരംഗ് ജില്ലകളിലായി 73,44, 631 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 36,09,959 പേര്‍ സ്ത്രീകളാണ്. പോളിംഗ് അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ബാരക് താഴ്വരയില്‍ ബിജെപി-എഐയുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ആസാമില്‍ മൂന്നാംഘട്ടം തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനു നടക്കും.
തെരഞ്ഞെടുപ്പു കമ്മീഷന്‍ ശ്രമിച്ചാലൊന്നും ബിജെപി ജയിക്കില്ല. 90 പേരും തൃണമൂലിനു വോട്ട് ചെയ്‌തെന്നു പോളിംഗ് അവസാനിച്ചതിനു പിന്നാലെ മമത പറഞ്ഞു. മമത നാടകം കളിച്ച് രണ്ടുമണിക്കൂര്‍ വോട്ടിംഗ് താമസിപ്പിച്ചെന്നും നന്ദിഗ്രാമില്‍ 90 ശതമാനം പേരും സമ്മതിദാനം വിനിയോഗിച്ചെന്നും സുവേന്ദു പറഞ്ഞു. ബംഗാളിലെ ജനത ദീദിയെ മാറ്റാന്‍ തീരുമാനിച്ചുകഴി ഞ്ഞു. അവരുടെ സ്വപ്നം സഫലീകരിച്ചു. ബംഗാളിന്റെ നവോത്ഥാനത്തിനായി വഴിയൊരങ്ങിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു.