EntertainmentKeralaNews

വമ്പൻ ഭൂരിപക്ഷത്തിൽ ഷാജോണ്‍,വോട്ട് കുറവ് ടൊവിനോയ്ക്ക്: അനന്യ സൂപ്പർ, ഞെട്ടിച്ച് രമേഷ് പിഷാരടിയുടെ തോല്‍വി

കൊച്ചി: മലയാളം സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷത്തിന് ശേഷം പുതിയൊരാള്‍ എത്തിയിരിക്കുകയാണ്. ഇടവേള ബാബു ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നടന്‍ സിദ്ധീഖ് വിജയിച്ചു. പ്രസിഡന്റായി മോഹന്‍ലാലിനെ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ച ഉണ്ണി മുകുന്ദനും എതിരാളികളുണ്ടായിരുന്നില്ല.

വൈസ് പ്രസിഡന്റായി ജഗദീഷ്, ജയന്‍ ചേർത്തല എന്നിവരും ജോയിന്റ് സെക്രട്ടറിയായി ബാബു രാജും വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. കലാഭവൻ ഷാജോൺ സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവിനോ തോമസ്, സരയൂ, അൻസിബ എന്നിവരാണ് എക്സിക്യുട്ടീവ് അംഗങ്ങള്‍.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരായിരുന്നു സിദ്ധീഖിന്റെ എതിരാളികള്‍. ആകെ 337 പേരായിരുന്നു വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതില്‍ 157 വോട്ടുകള്‍ നേടിയ സിദ്ധീഖ് വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേർത്തല, മഞ്ജു പിള്ള എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 245 വോട്ട് നേടിയ ജഗദീഷും 215 വോട്ട് നേടീയ ജയന്‍ ചേർത്തലും വിജയിച്ചപ്പോള്‍ മഞ്ജു പിള്ള പരാജയപ്പെട്ടു.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജിന്റെ എതിരാളി അനൂപ് ചന്ദ്രനായിരുന്നു. ബാബു രാജ് 198 വോട്ടുമായി ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അനൂപ് പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് കലാഭവന്‍ ഷാജോണിനാണ് – 294. അമ്മ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർത്ഥിക്ക് ലഭിച്ച ഏറ്റവും ഉയർന്ന വോട്ടും ഇത് തന്നെ.

സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു – 279, സുരേഷ് കൃഷ്ണ – 275, ടിനി ടോം – 274, അനന്യ -271, വിനു മോഹനന്‍ -271, ടൊവിനോ തോമസ് -268 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ട് നില. തിരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവുകളില്‍ ഏറ്റവും കുറവ് വോട്ടാണ് ടൊവിനോയ്ക്ക് ലഭിച്ചതെങ്കിലും മറ്റുള്ളവരുമായി നേരിയ വ്യത്യാസം മാത്രമാണുള്ളത്.

അതേസമയം, എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിലെ വനിത അംഗങ്ങളുടെ പരാജയത്തിന്റെ പേരില്‍ യോഗത്തില്‍ തർക്കമുണ്ടാവുകയും ചെയ്തു. എക്സിക്യുട്ടീവിലേക്ക് മത്സരിച്ചവരില്‍ നിന്നും 2 സ്ത്രീകളെ മാറ്റി നിർത്താനായിരുന്നു അമ്മ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. കുറഞ്ഞ വോട്ട് ലഭിച്ച അന്‍സിബ, സരയൂ എന്നിവരെയായിരുന്നു മാറ്റി നിർത്തിയത്. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവരും പരാജയപ്പെട്ടു. അംഗങ്ങള്‍ക്കിടയില്‍ മികച്ച സ്വാധീനമുള്ള രമേഷ് പിഷാരടിയുടെ തോല്‍വി ഞെട്ടിക്കുന്നതായി.

ഭരണ ഘടനപ്രകാരം നാല് വനിതങ്ങളാണ് അമ്മ ഭരണ സമിതിയില്‍ വേണ്ടത്. അനന്യക്ക് പുറമേയുള്ളവരെ എക്സിക്യൂട്ടീവ് യോഗം ചേർന്ന് തിരഞ്ഞെടുക്കും എന്നായിരുന്നു കമ്മിറ്റിയുടെ നിലപാട്. എന്നാല്‍ ഇതിനെ എതിർത്ത് ബാബുരാജ്, ജയൻ ചേർത്തല, പിപി കുഞ്ഞികൃഷ്ണൻ എന്നിവർ രംഗത്ത് വന്നു. ഒടുവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അന്‍സിബയേയും സരയുവിനേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഒരാളെ എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെടുക്കും.

എക്സിക്യുട്ടീവിലേക്ക് മഞ്ജു പിള്ള, കുക്കു പരമേശ്വരൻ എന്നിവരുടെ പേരുകൾ പരിഗണിക്കണമെന്ന് നടി ഉഷയും പ്രിയങ്കയും ആവശ്യപ്പെട്ടിരുന്നു. കുക്കു പരമേശ്വരന്റെ ആവശ്യം ഷീലു എബ്രഹാമിനെ പരിഗണിക്കണമെന്നായിരുന്നു. എന്തായാലും ഒരു വനിതയ്ക്ക് കൂടി ഭരണ സമിതിയില്‍ ഇടമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button