തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ. പദ്ധതി അട്ടിമറിക്കാൻ നിരവധി ശ്രമങ്ങളുണ്ടായിട്ടും തുറമുഖം യാഥാർഥ്യമായതിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യംകൊണ്ട് മാത്രമാണ് പദ്ധതി നടപ്പിലായതെന്ന് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലുവർഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം അഴിച്ചുവിട്ടത് അല്പത്തരമാണ്. പിണറായി വിജയന് മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടണം, സുധാകരൻ പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്നെങ്കിൽ നേരത്തെ നിശ്ചയിച്ചതുപോലെ 2019-ൽ തന്നെ പദ്ധതി യാഥാർഥ്യമാകുമായിരുന്നു. 2015-ൽ പരിസ്ഥിതി അനുമതി ഉൾപ്പെടെ എല്ലാ അനുമതികളും വാങ്ങിയെടുത്ത് കോടതി കേസുകൾ തീർക്കുകയും സ്ഥലമെടുപ്പ് പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് യുഡിഎഫ് അധികാരം വിട്ടത്. 2019-ൽ പദ്ധതി പൂർത്തിയാക്കാൻ പാകത്തിലുള്ള എല്ലാ നടപടികളും അന്നു പൂർത്തിയാക്കിയിരുന്നു. പിടിപ്പുകേടിന്റെ പര്യായമായ പിണറായിക്കും സംഘത്തിനും അതുമായി മുന്നോട്ടുപോകാനായില്ല.
പദ്ധതിയോട് അനുബന്ധമായി തീരേണ്ട വിഴിഞ്ഞം- ബാലരാമപുരം 12 കിമീ റോഡിന് ടെണ്ടർ വിളിക്കാൻ പോലും പിണറായി സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയ പദ്ധതിയാണിത്. വിഴിഞ്ഞം ഫിഷിങ് ഹാർബറിന്റെ കാര്യവും തഥൈവ. പിണറായി സർക്കാർ 2016-ൽ 500 കോടി രൂപ വകയിരുത്തിയ അഴീക്കൽ തുറമുഖ പദ്ധതിക്ക് ഇതുവരെ പ്രോജക്ട് റിപ്പോർട്ട് പോലും തയാറാക്കാൻ കഴിഞ്ഞില്ല എന്നിടത്താണ് രണ്ടു സർക്കാരുകളും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്.
ഉമ്മൻ ചാണ്ടി പണപ്പെട്ടിയുമായി നിൽക്കുന്ന കാർട്ടൂൺ സഹിതം ‘5000 കോടിയുടെ ഭൂമിതട്ടിപ്പും കടൽക്കൊള്ളയും’ എന്ന കൂറ്റൻ തലക്കെട്ടിട്ടാണ് 2016 ഏപ്രിൽ 25-ന് ദേശാഭിമാനി പത്രം പുറത്തിറങ്ങിയത്. പിണറായി വിജയൻ അതിനും മേലെ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ചു. പിബി അംഗം എംഎ ബേബി, വിഎസ് അച്യുതാനന്ദൻ തുടങ്ങിയവരും ആരോപണങ്ങൾ അഴിച്ചുവിട്ടു.
ഇവയെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻനായരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. പക്ഷേ, അദ്ദേഹം ക്ലീൻ ചിറ്റ് നൽകി. അഴിമതി ആരോപണം ഉന്നയിച്ച് പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതു നടക്കില്ലെന്ന് ഉമ്മൻ ചാണ്ടി നിയമസഭയിൽ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആ നിശ്ചയദാർഢ്യമാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
പിണറായി വിജയൻ ഉമ്മൻചാണ്ടിയോട് വൈകിയ വേളയിലെങ്കിലും മാപ്പു പറയണം. തെറ്റിന് പരിഹാരമായി ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നൽകുകയും വേണം. വിഴിഞ്ഞം തീരദേശവാസികളുടെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തി സമവായത്തോടെ പദ്ധതി നടപ്പാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.