തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം നടന്നത്. ‘വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് തിരുവനന്തപുരം’ എന്നാണ് തുറമുഖത്തിന്‍റെ പേര്.
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണിതെന്നും പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈന്‍ ട്രാന്‍ഷിപ്പ് രംഗത്ത് അനന്തസാധ്യതകള്‍ തുറന്നുകിട്ടുമെന്നും ലോഗോ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരത്തില്‍ ആദ്യ ചരക്കുകപ്പല്‍ വിഴിഞ്ഞത്തെത്തും എന്നത് എല്ലാ മലയാളികളേയും ആഹ്ലാദിപ്പിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബര്‍ നാലിനാണ് ആദ്യ കപ്പല്‍ തുറമുഖത്തെത്തുക. അദാനി പോര്‍ട്ട്‌സാണ് വിഴിഞ്ഞം തുറമുഖം നിര്‍മിക്കുന്നത്. 2015-ലാണ് തുറമുഖത്തിന്റെ തറക്കല്ലിട്ടത്. 1,000 ദിവസത്തിനകം നിര്‍മാണപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇത് നീണ്ടുപോകുകയായിരുന്നു. അടുത്ത വര്‍ഷത്തോടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിവരം.