തനിക്ക് നേരെ ഉയര്‍ന്ന പീഡന പരാതി വ്യാജമെന്ന് ആരോപണവിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവായ വിവേക് നായര്‍. പരാതിക്ക് പിന്നില്‍ അതേ ക്യാമ്പില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരാണെന്നും കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ സാധിക്കൂയെന്നും വിവേക് പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് എസ്എം ബാലുയെന്ന നേതാവിനോട് മോശമായി പെരുമാറിയതിന്റെ പേരിലാണെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.
വിവേക് നായര്‍ പറഞ്ഞത്: ”വളരെ ചിട്ടയായി ക്യാമ്പാണ് പാലക്കാട് നടന്നത്. അച്ചടക്കത്തോടെ നടന്ന ക്യാമ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ കുബുദ്ധികള്‍ നടത്തിയ കഥയാണ് മൂന്ന് ദിവസമായി കേള്‍ക്കുന്നത്. ക്യാമ്പിന്റെ മൂന്നാം ദിവസം ഞാന്‍ സംസ്ഥാന ഉപാധ്യക്ഷന്‍മാരില്‍ ഒരാളായ എസ്എം ബാലുവെന്ന, പാര്‍ട്ടിക്കുള്ളിലെ വ്യത്യസ്ത സംവിധാനങ്ങളില്‍ നില്‍ക്കുന്നവരാണ് ഞങ്ങള്‍. അതിന്റെ ഭാഗമായി ഞാനും അദ്ദേഹവും തമ്മിലുണ്ടാകുന്ന മൂന്നാമത്തെ പ്രശ്‌നമാണിത്. ഈ ക്യാമ്പിലെ പ്രശ്‌നത്തില്‍ എന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്. സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ചു. പ്രകോപിതനായി വസ്ത്രത്തില്‍ പിടിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് എന്നെ സസ്‌പെന്‍ഡ് ചെയ്തത്.” ”പിന്നെ പീഡന പരാതി. പാര്‍ട്ടിയിലെ 30ഓളം വനിതകളാണ് ക്യാമ്പില്‍ പങ്കെടുത്തത്. പരാതിയുണ്ടെങ്കില്‍ ഔദ്യോഗിക ലെറ്റര്‍ പാഡിലായിരിക്കും നല്‍കുക. ഇതൊരു കടലാസില്‍ പ്രധാനപ്പെട്ട ഒരു കുട്ടിയുടെ പേരില്‍ ഇങ്ങനെയൊരു വ്യാജവാര്‍ത്തയുണ്ടാക്കി. ഇതുണ്ടാക്കിയത് സിപിഐഎമ്മുകാരല്ല, ബിജെപിക്കാരല്ല. മറ്റൊരു പാര്‍ട്ടിക്കാരുമല്ല. ഈ ക്യാമ്പില്‍ തന്നെയുണ്ടായിരുന്നവരാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഐഎമ്മിനോ ബിജെപിക്കോ കഴിയില്ല. നശിപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ സാധിക്കൂ.”
വിവേക് നായര്‍ക്കെതിരെ പരാതികളൊന്നും നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. വാര്‍ത്തയില്‍ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണെന്നും അത്തരമൊരു പരാതിയുണ്ടെങ്കില്‍ എല്ലാ നിയമസഹായവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. കുറ്റക്കാരനെങ്കില്‍ ആരെയും സംരക്ഷിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസ്താവന: ”യൂത്ത് കോണ്‍ഗ്രസ്സിന് സ്വന്തമായി പോലീസും കോടതിയുമില്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യും. ഇന്നലെ വരെ ദേശാഭിമാനിയിലും ചില ഇടത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും പറയപ്പെടുന്ന പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇത് വരെ ലഭിച്ചിട്ടില്ല. ക്യാമ്പില്‍ വിവേകിന്റെ ഭാഗത്ത് നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോഴുണ്ടായ വാക്കുതര്‍ക്കത്തെയും, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെ കുറിച്ചും അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയില്‍ സംഘടനാപരമായി നടപടിയും എടുത്തു.”
ഇന്നും ചില മാധ്യമങ്ങള്‍ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറിയിട്ടില്ല എന്ന രീതിയില്‍ വാര്‍ത്ത കൊടുത്തത് കണ്ടു. അത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. വാര്‍ത്തയില്‍ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കില്‍ കഴിയാവുന്ന എല്ലാ നിയമസഹായവും നല്‍കും. പോലീസിനെ സമീപിക്കുവാന്‍ പിന്തുണയും നല്‍കും. കുറ്റക്കാരനെങ്കില്‍ ആരെയും സംരക്ഷിക്കില്ല. സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മീഷനുകള്‍ ഉളള സിപിഎം, യൂത്ത് കോണ്‍ഗ്രസ്സിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി കോടതിയില്‍ തീര്‍പ്പാക്കില്ല.”