കൊല്ലം: കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക നിഗമനം. കഴുത്തിലെ പാട് തൂങ്ങിമരണം തന്നെയാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വിശദമായ റിപ്പോര്‍ട്ട് പിന്നീട് മാത്രമേ പുറത്തുവരൂ.
ആന്തരികാവയവങ്ങളുടെ അടക്കം പരിശോധനയ്ക്ക് ശേഷമാണ് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടുക. ഏറെ ചര്‍ച്ചയായ മരണമായതുകൊണ്ട് തന്നെ വിശദമായി പരിശോധിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ ഡോക്ടര്‍മാരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ മാതാവും മര്‍ദിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കും.
വിസ്മയയുടെ മരണം ഐജി അന്വേഷിക്കും. ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. ഐജി ഹര്‍ഷിത അട്ടല്ലൂരി വൈകിട്ട് സംഭവ സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തുമെന്ന് ഡിജിപി പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പഴുതുകളടച്ചുള്ള അന്വേഷണമായിരിക്കും നടക്കുകയെന്നും ഡിജിപി വ്യക്തമാക്കി.