തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് ജയിലിൽ തോട്ടപ്പണി. പൂജപ്പുര സെൻട്രൽ ജയിലിലാണ് കിരൺ കുമാർ കഴിയുന്നത്. ജയിൽ മതിൽകെട്ടിനുള്ളിലുള്ള 9.5 ഏക്കറിൽ ചില ഭാഗങ്ങളിൽ കൃഷിയും ചിലയിടങ്ങളിൽ അലങ്കാര ചെടികളുമുണ്ട്. രാവിലെ 7.15ന് കിരണിന് തോട്ടത്തിലെ ജോലി തുടങ്ങും. 63 രൂപയാണ് ദിവസവേതനം. ഒരു വർഷം കഴിഞ്ഞാൽ 127 രൂപ ദിവസ വേതനമായി ലഭിക്കും.
രാവിലേയും ഉച്ചയ്ക്കും ഭക്ഷണത്തിന് ഇടവേള ലഭിക്കും. വൈകിട്ട് ചായയും ലഭിക്കും. 5.45 ന് രാത്രി ഭക്ഷണം നൽകി കിരൺ അടക്കമുള്ള തടവുകാരെ സെല്ലിൽ കയറ്റും. കിരൺ അടക്കമുള്ള തിരഞ്ഞെടുത്ത തടവുകാരാണ് തോട്ടം പരിപാലിക്കേണ്ടത്.
ജയിലിൽ വരുന്നവരെ ആദ്യം മതിൽകെട്ടിന് പുറത്തുള്ള ജോലിക്ക് വിടില്ല. അപകടകാരികൾ, വാർത്താ പ്രാധാന്യമുള്ള കേസുകളിൽപ്പെട്ടവര്‍, സ്ഥിരം കുറ്റവാളികൾ തുടങ്ങിയവരെയും പുറത്തെ പണിക്കു വിടില്ല.ജയിലിലെത്തിയാൽ അധികൃതരുടെ വിശ്വാസം നേടിയെടുക്കുന്നതുവരെ ജയിലിനകത്ത് ജോലി ചെയ്യണം.
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് 10 വർഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്മയയുടെ മരണം.
2021 ജൂൺ 21നാണ് നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താ നടയിലുള്ള ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിറ്റേദിവസം ഭർത്താവ് മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐ ആയിരുന്ന കിരൺ കുമാറിന്റെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ജൂൺ 25ന് വിസ്മയയുടെത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു