ആലപ്പുഴ: വിഷു ബംപറിന്റെ ഒന്നാം സമ്മാനം വിറ്റത് ആലപ്പുഴ ജില്ലയില്‍. സമ്മാനം അടിച്ചത് ആര്‍ക്കാണെന്ന് അറിയില്ലെങ്കിലും ടിക്കറ്റ് വിറ്റ ചില്ലറ വില്‍പ്പനക്കാരി ജയലക്ഷ്മി ഭയങ്കര ഹാപ്പിയാണ്. ടിക്കറ്റ് വിറ്റതിന്റെ കാര്യം മാത്രമല്ല ജീവിത പ്രാരാബ്ധങ്ങളുടെ കഥയും ജയലക്ഷ്മിക്ക് പറയാനുണ്ട്. തൃക്കാര്‍ത്തിക എന്ന ഏജന്‍സിയില്‍ നിന്നും അനില്‍ കുമാര്‍ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.
അനില്‍ കുമാറില്‍ നിന്നാണ് ചില്ലറ വില്‍പ്പനക്കാരി ജയലക്ഷ്മി ഈ ടിക്കറ്റ് വാങ്ങി വിറ്റത്. അതിനാണ് ഇപ്പോള്‍ പന്ത്രണ്ട് കോടി സമ്മാനം അടിച്ചിരിക്കുന്നത്. പത്തെണ്ണമുള്ള ഒരു ലോട്ടറി ബുക്കാണ് ജയം വാങ്ങിയത്. ഇതിന്റെ ഭൂരിഭാഗവും നാട്ടുകാര്‍ക്കാണ് വിറ്റതെന്നും പുറത്തുനിന്നുള്ള ചിലരും ടിക്കറ്റ് വാങ്ങിയിരുന്നുവെന്നും ജയലക്ഷ്മി പറഞ്ഞു.
ഇത്തരമൊരു സമ്മാനം അടിച്ചതില്‍ വലിയ സന്തോഷമുണ്ട്. സമ്മാനം അടിച്ച കാര്യം എന്റെ സുഹൃത്ത് തന്നെയാണ് വിളിച്ചുപറഞ്ഞത്. ആര്‍ക്കാണ് ടിക്കറ്റ് കൊടുത്തതെന്ന് ഓര്‍മയില്ല. എല്ലാവരെയും വിളിച്ചപ്പോഴും അറിയില്ലെന്നാണ് പറഞ്ഞത്. കടയില്‍ വന്ന് ടിക്കറ്റ് പലരും തിരഞ്ഞെടുക്കുകയാണ് ചെയ്തത്. അതുകൊണ്ട് ആരൊക്കെ ഏതെല്ലാം ടിക്കറ്റ് വാങ്ങിയെന്ന് അറിയാന്‍ സാധിച്ചില്ല.
ടിക്കറ്റ് എന്നാണ് വാങ്ങിയതെന്നും അറിയില്ല. കഴിഞ്ഞ ആഴ്ച്ചയാണ് ബമ്പര്‍ വില്‍ക്കാനായി ഇട്ടത്. നാല് ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. പതിനെട്ടാം തിയതിയാണ് അനില്‍ കുമാറിന്റെ കൈയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങിയത്. ബമ്പറിന്റെ ഒരു ബുക്ക് മാത്രമേ എപ്പോഴും താന്‍ വില്‍ക്കാറുള്ളൂവെന്നും ജയലക്ഷ്മി പറഞ്ഞു.
30000 രൂപയുടെ സമ്മാനമൊക്കെ ഞാന്‍ വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് അടിക്കാറുണ്ട്. കഴിഞ്ഞ ദിവസം അടിച്ചിരുന്നു. ജനുവരി മുതല്‍ മിക്ക മാസവും 30000 വെച്ച് അടിക്കാറുണ്ട്. ദൈവത്തിന്റെ വലിയ അനുഗ്രഹമുണ്ട്. ലക്ക് കടയാണിത്. ബാധ്യതകള്‍ ധാരാളമുണ്ട്. എല്ലാം കൂടി ചേര്‍ത്ത് 12 ലക്ഷത്തോളം രൂപയുടെ ബാധ്യതകളുണ്ട്.
വീടിന്റെ ലോണ്‍, മകന്റെ പഠിത്തം തുടങ്ങിയ കുറച്ച് ബാധ്യതകള്‍ വേറെയുണ്ട്. കുറച്ച് ബുദ്ധിമുട്ടിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഭര്‍ത്താവ് ഇപ്പോള്‍ എറണാകുളത്ത് ജോലിയിലാണ്. കൊറോണ വന്നപ്പോള്‍ ഭര്‍ത്താവിന്റെ ജോലിയെല്ലാം നഷ്ടമായിരുന്നു. അപകടവും ഇതിനിടെ സംഭവിച്ചിരുന്നു. വലിയ ജോലിക്കൊന്നും പോകാന്‍ അദ്ദേഹത്തിന് സാധിക്കില്ല. അതുകൊണ്ട് എറണാകുളത്തെ ആശുപത്രിയില്‍ ചീട്ടെഴുതുന്ന ജോലിയാണ് ചെയ്യുന്നതെന്നും ജയലക്ഷ്മി പറഞ്ഞു.
16 വര്‍ഷമായി ടിക്കറ്റ് വില്‍ക്കുന്നുണ്ട്. ബമ്പര്‍ സമ്മാനം ആദ്യമായിട്ടാണ് ലഭിക്കുന്നത്. ഇപ്പോള്‍ 30 ടിക്കറ്റുകളാണ് വില്‍ക്കുന്നത്. നല്ല സീസണ്‍ സമയത്താണെങ്കില്‍ 60 ടിക്കറ്റുകള്‍ വരെ വില്‍ക്കാറുണ്ടെന്നും ജയലക്ഷ്മി വ്യക്തമാക്കി. ബാധ്യതകളെല്ലാം ഇനി വേണം തീര്‍ക്കാനെന്നും അവര്‍ പറഞ്ഞു.