റായ്പുര്‍: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. റായ്പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതോടെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിപദം സംബന്ധിച്ച ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമാകുന്നത്. 59-കാരനായ സായി ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നുള്ള ഛത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രിയാണ്. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ വിശ്വസ്തനായിരുന്നു.
നാല് തവണ എംപി ആയ അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയില്‍ സ്റ്റീല്‍ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി ആയിരുന്നു.
റായ്പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ അര്‍ജിന്‍ മുണ്ട, സര്‍ബാനന്ദ സോനോവാള്‍, മന്‍സുഖ് മാണ്ഡവ്യ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം ഛത്തീസ്ഗഢിന്റെ ചുമതല വഹിക്കുന്ന ഓം മാഥൂര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി ഇത്തവണ ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 90 സീറ്റുകളില്‍ 54ഉം നേടി ബിജെപി വന്‍ വിജയമാണ് ഛത്തീസഗ്ഢില്‍ നേടിയത്.