മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനം രാജിവയ്ക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സ്ഥാനമൊഴിഞ്ഞ നായകൻ വിരാട് കോലി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു മുൻപു നടത്തിയ പതിവ് വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന കോലി തള്ളിയത്. കോലിയോട് ട്വന്റി20 ക്യാപ്റ്റൻസി ഒഴിയരുതെന്ന് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടുവെന്നായിരുന്നു ഗാംഗുലിയുടെ അവകാശവാദം.
ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതിലുള്ള കോലിയുടെ അതൃപ്തി മറനീക്കി പുറത്തുവന്ന പല സന്ദർഭങ്ങളും വാർത്താ സമ്മേളനത്തിനിടെ ഉണ്ടായി. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം ടീം പ്രഖ്യാപനത്തിന് ഒന്നര മണിക്കൂർ മുൻപു മാത്രമാണ് തന്നെ അറിയിച്ചതെന്ന് കോലി വെളിപ്പെടുത്തി.
ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്ന കാര്യം അറിയിച്ചപ്പോൾ ബിസിസിഐ അധികൃതർ യാതൊരു തടസ്സവും പറഞ്ഞില്ലെന്ന് കോലി വ്യക്തമാക്കി. സിലക്ടർമാരും തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ, ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്ന കാര്യം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ പ്രഖ്യാപിച്ച സന്ദർഭത്തിലും ഏകദിന ടീമിന്റെ നായകസ്ഥാനത്തു തുടരാനുള്ള താൽപര്യവും കോലി പരസ്യമാക്കിയിരുന്നു.
‘ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം ഞാൻ ബിസിസിഐയെ അറിയിച്ചപ്പോൾ, അത്തരമൊരു തീരുമാനം കൈക്കൊള്ളാനിടയായ സാഹചര്യങ്ങളും ഇക്കാര്യത്തിൽ എന്റെ നിലപാടും അവരെ അറിയിച്ചിരുന്നു. അവരാരും യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല. എന്റെ തീരുമാനത്തിൽ ആർക്കും അതൃപ്തിയോ അഭിപ്രായ വ്യത്യാസമോ ഉണ്ടായിരുന്നില്ല. ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് രാജിവയ്ക്കരുതെന്നും ആരും എന്നോടു പറഞ്ഞില്ല’ – കോലി വിശദീകരിച്ചു.
‘ബിസിസിഐ അധികൃതർ എന്റെ തീരുമാനത്തെ നല്ല രീതിയിലാണ് സ്വീകരിച്ചത്. എന്റെ തീരുമാനം ഉചിതമായി എന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം അറിയിച്ചപ്പോൾത്തന്നെ, ബിസിസിഐയ്ക്കും സിലക്ടർമാർക്കും എതിർപ്പില്ലെങ്കിൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകസ്ഥാനത്തു തുടരാനുള്ള ആഗ്രഹവും അറിയിച്ചിരുന്നു. ഇക്കാര്യം പിന്നീട് ഫോണിലൂടെയും ഞാൻ വിശദീകരിച്ചതാണ്. ഇക്കാര്യത്തിൽ ബിസിസിഐയുമായുള്ള എന്റെ ആശയവിനിമയം കിറുകൃത്യമായിരുന്നു. മാത്രമല്ല, ബിസിസിഐയ്ക്കോ സിലക്ടർമാർക്കോ ഞാൻ തുടരുന്നതിൽ എതിർപ്പുണ്ടെങ്കിൽ മറിച്ചെന്തു തീരുമാനം കൈക്കൊണ്ടാലും അത് അംഗീകരിക്കുമെന്നും അവരെ അറിയിച്ചിരുന്നു’ – കോലി വിശദീകരിച്ചു.