ന്യൂഡല്‍ഹി: ലോക്ക്ഡൗണിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കുറവില്ലെന്ന് ദേശീയ വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ട്. രണ്ടു ലോക്ക്ഡൗണുകള്‍ക്കിടയിലുള്ള കാലമായാണു പിന്നിട്ട മാസങ്ങള്‍ പൊതുവേ വിലയിരുത്തപ്പെട്ടത്. ആദ്യ ലോക്ഡൗണ്‍ കാലത്തു സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്താകമാനം കുത്തനെ ഉയര്‍ന്നു. ദേശീയ വനിതാ കമ്മിഷനടക്കം ഇതിനെതിരെ പദ്ധതികളും ഹെല്‍പ് ലൈനുകളും ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ 2021 ലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കു കുറവില്ലെന്നു ദേശീയ വനിതാ കമ്മിഷന്റെ കണക്കുകള്‍ പറയുന്നു. പ്രതിമാസം ശരാശരി രണ്ടായിരത്തിലേറെ പരാതികളാണു ദേശീയ വനിതാ കമ്മിഷനു ലഭിക്കുന്നത്. ഇതില്‍ നാലിലൊന്നു കേസുകളും ഗാര്‍ഹിക പീഡന കേസുകളാണ്.
2020 ഏപ്രില്‍മുതല്‍ ഒരുവര്‍ഷത്തിനിടെ ലഭിച്ചത് 25,886 പരാതി. ഇതില്‍ 5,865 കേസ് ഗാര്‍ഹിക പീഡനവിഭാഗത്തിലാണ്. 2021 ജനുവരി മുതല്‍ മാര്‍ച്ച് 25 വരെ 1,463 പരാതിയാണു ലഭിച്ചത്. കോവിഡിന്റെ രണ്ടാംവരവിലെ ലോക്ഡൗണിനു പിന്നാലെ കേരള പൊലീസും പ്രത്യേക പരാതി പരിഹാരസെല്‍ ആരംഭിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് മുതല്‍ 2021ഏപ്രില്‍ വരെ 5,507 പരാതിയാണു റജിസ്റ്റര്‍ ചെയ്തത്.
ഓരോ ജില്ലയിലെയും വനിതാ സെല്ലുമായി ബന്ധപ്പെട്ടാണു ഡൊമസ്റ്റിക് കോണ്‍ഫ്‌ലിക്ട് റസലൂഷന്‍ സെന്റര്‍ അഥവാ ഡിസിആര്‍സികള്‍. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും ഇത്തരം സമിതികള്‍ രൂപീകരിച്ചിരുന്നു. പൊലീസിലടക്കം ലഭിക്കുന്ന പരാതികളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
പ്രാഥമികമായി പരാതിപരിഹാരത്തിനും അനുരഞ്ജന മാര്‍ഗങ്ങള്‍ക്കുമൊക്കെയാണു ഡിസിആര്‍സികളില്‍ മുന്‍ഗണന. ഇതിനായി വിദഗ്ധ പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ട കുറ്റകൃത്യങ്ങളാണെങ്കില്‍ നിയമനടപടികളും കൈക്കൊള്ളും. 2021 ജനുവരിയില്‍ 457 ഗാര്‍ഹികപീഡന കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലില്‍ ഇത് 602 ആയി.
കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരമനുസരിച്ചു സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ 3,711 കേസാണു 2021ല്‍ മാര്‍ച്ച് വരെ റജിസ്റ്റര്‍ ചെയ്തത്. വിശദവിവരങ്ങള്‍ ചുവടെ.
ബലാത്സംഗകേസുകള്‍: 627
പീഡനക്കേസ്: 1,038
തട്ടിക്കൊണ്ടുപോകല്‍: 56
അപമാനിക്കല്‍: 106
സ്ത്രീധനപീഡനം: 0
ഭര്‍ത്താവിന്റെ, ബന്ധുക്കളുടെ പീഡനം: 863
മറ്റ് ഉപദ്രവങ്ങള്‍: 1,021
2021 ല്‍ മാര്‍ച്ചു വരെ: 3,711
ന്മ 2019: 14,923
ന്മ 2020: 12,659