ചെന്നൈ:തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിജയ്യും മാതാപിതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും, അവരെ കാണാന്‍ താരം അനുവാദം നല്‍കുന്നില്ല എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്നു തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് വിജയ്‌യുടെ അച്ഛനും സംവിധായകനുമായ ചന്ദ്രശേഖര്‍.
ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞാനും ഭാര്യ ശോഭയും വിജയ്‌യെ കാണാനായി, അവന്റെ വീടിന്റെ മുന്നില്‍ പോയി നിന്നു. വിജയ്‌യോട് സെക്യൂരിറ്റി ചെന്ന് പറഞ്ഞപ്പോള്‍, അമ്മയെ മാത്രം അകത്തേയ്ക്ക് കടത്തി വിടാന്‍ വിജയ് അയാളോട് പറഞ്ഞു.
എന്നാല്‍ എന്നെ കടത്തി വിടാത്തത് കാരണം ശോഭയും വിജയ്‌യെ കാണാന്‍ വിസമ്മതിച്ചു. ഒടുവില്‍ മകനെ കാണാന്‍ കഴിയാതെ ഞാനും ശോഭയും അവിടെ നിന്നും മടങ്ങി’ എന്നായിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.
എനിക്കും മകന്‍ വിജയ്ക്കും ഇടയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ട്. ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ അവന് അവന്റെ അമ്മയോട് യാതൊരു തര പ്രശ്‌നങ്ങളും ഇല്ല. അവര്‍ എന്നും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അവര്‍ ഇരുവരും സന്തുഷ്ടരാണ്. അവരുടെ സ്‌നേഹബന്ധത്തെ കുറിച്ച് തെറ്റായ വാര്‍ത്ത വന്നത് കാരണമാണ് പ്രതികരിക്കേണ്ടി വന്നത് എന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.
രാഷ്ട്രീയപാര്‍ട്ടിയ്ക്ക് താന്‍ തുടക്കം കുറിച്ചത് വിജയ്ക്ക് വേണ്ടിയാണെന്നാണ് പിതാവ് എസ്.എ ചന്ദ്രശേഖരന്‍ പറയുന്നത്. തന്റെ നേട്ടത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘രാഷ്ട്രീയത്തില്‍ വിജയ്ക്ക് ഒരു അടിത്തറയുണ്ടാക്കാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ വിജയ്ക്ക് അതു വേണ്ട. തന്റെ പേരില്‍ പാര്‍ട്ടി വരുന്നതിനെ എതിര്‍ത്ത് വിജയ് കോടതിയെ സമീപിച്ചു. ഞാന്‍ പിരിച്ചു വിടുകയും ചെയ്തു. വിജയ് സിനിമയില്‍ നമ്പര്‍ വണ്‍ ആണ്. ഞാനാണ് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത്.
എല്ലാത്തിലും വിജയ് ഒന്നാമത് എത്തണമെന്ന് ഒരു പിതാവെന്ന നിലയില്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിജയ് സിനിമ ആസ്വദിക്കട്ടെ. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഞാന്‍ പറയില്ല’ എന്നും എസ്.എ ചന്ദ്രശേഖര്‍ പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട കേസില്‍ ചെന്നൈ സിറ്റി സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാര്‍ട്ടി പിരിച്ചു വിട്ടുവെന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തന്റെ പേരോ ചിത്രമോ ആരാധക സംഘടനയുടെ പേരോ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഏപ്രിലിലാണ് വിജയ് ഹര്‍ജി സമര്‍പ്പിച്ചത്. ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന ആരാധക സംഘടനയെ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കാന്‍ തീരുമാനിച്ചതോടെയാണ് വിജയ് അച്ഛനും അമ്മയ്ക്കും മറ്റു ഒമ്പത് പേര്‍ക്കുമെതിരേ നിയമനടപടിയ്‌ക്കൊരുങ്ങിയത്.