ആലപ്പുഴ:കരുനാഗപ്പിള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് കാമുകൻ ജയചന്ദ്രൻ്റെ സംശയം. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതാണ് ക്രൂരമായ ഈ കൊലപാതകത്തിന് കാരണമായത്. ഇടുക്കി സ്വദേശിയാണ് വിജയലക്ഷ്മിയെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ കുട്ടികളുമുണ്ട്.
ബന്ധം വേർപെടുത്തി കരുനാഗപ്പള്ളിയിൽ തിരിച്ചെത്തി താമസിക്കുന്നതിനിടെയാണ് തുറമുഖത്ത് ജോലിക്കെത്തിയ കാമുകനായ ജയചന്ദ്രനുമായി പരിചയപ്പെടുന്നത്. പിന്നീട് ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നു. എന്നാൽ വിജയലക്ഷ്മിക്ക് ജയചന്ദ്രനെ കൂടാതെ മറ്റ് ചില ബന്ധങ്ങളുമുണ്ടായിരുന്നു.
കഴിഞ്ഞ ആറിന് ജയചന്ദ്രനും വിജയലക്ഷ്മിയുമായി അമ്പലപ്പുഴയിലെത്തിയ ശേഷം ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ ജയചന്ദ്രൻ്റെ കരൂരുള്ള വീട്ടിൽ സന്ധ്യയോടെ എത്തി. മലയാലപ്പുഴ ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞാണ് വിജയലക്ഷ്മിയുമായി ജയചന്ദ്രൻ കരുരിലെത്തിയത്. ഇവിടെ ജയചന്ദ്രൻ്റെ ഭാര്യയും മകനുമില്ലായിരുന്നു.
രാത്രി ഒരു മണിയോടെ മറ്റൊരാളുമായി വിജയലക്ഷ്മി ഫോണിൽ സംസാരിക്കുന്നത് കണ്ട തർക്കത്തിനിടെ ജയചന്ദ്രൻ വിജയലക്ഷ്മിയെ പിടിച്ച് തള്ളുകയായിരുന്നു. ഈ വീഴ്ചയിൽ ബോധരഹിതയായ വിജയലക്ഷ്മി മരിച്ചു എന്ന ധാരണയിൽ ജയചന്ദ്രൻ വീടിന് തൊട്ടടുത്തുള്ള മറ്റൊരു പുരയിടത്തിൽ കുഴിയെടുത്തു.
ഇതിനു ശേഷം വിജയലഷ്മിയുടെ കഴുത്തിൽ കയറിട്ട് വലിച്ചുകൊണ്ടു വരുന്നതിനിടയിൽ വിജയലക്ഷ്മിക്ക് ബോധം വന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് തലയിലും പുറകിലും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷമാണ് കുഴിയിലിട്ട് മൃതദേഹം മറവ് ചെയ്തത്.
തിരോധാനക്കേസ് എന്ന നിലയിൽ അന്വേഷണം പുരോഗമിച്ചതിനിടെ ജയലക്ഷ്മിയുടെ മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. കെഎസ്ആർടിസി ബസിൽ സ്വിച്ച് ഓഫായ നിലയിൽ കണ്ടെത്തിയ മൊബൈൽ ഫോൺ കണ്ടക്ടറാണ് പോലീസിൽ സ്റ്റേഷനിൽ ഏൽപ്പിച്ചത്.
ഫോൺ വിജയലക്ഷ്മിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ എറണാകുളം സെൻട്രൽ പോലീസ് കരുനാഗപ്പള്ളി പോലീസിന് വിവരം കൈമാറുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിയത്. ഇരുവരും തമ്മിൽ രണ്ടു വർഷമായി അടുപ്പമുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.