വിജയ്ബാബു ഇന്നും വന്നില്ല:ബുധനാഴ്ചയെത്തുമെന്ന് അഭിഭാഷകർ
കൊച്ചി: പീഡനക്കേസില്‍ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു ബുധനാഴ്ച കൊച്ചിയിലെത്തും. തിങ്കളാഴ്ച എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ എമിറേറ്റസ് വിമാനത്തില്‍ ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കി.
ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് എടുത്തതായി വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും.
വിജയ് ബാബു കീഴടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്. ഹൈക്കോടതിയില്‍ ആദ്യ വിമാനടിക്കറ്റിന്റെ പകര്‍പ്പ് എത്തിച്ച ദിവസം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍വെച്ചു തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു പോലീസ്. അതൊഴിവാക്കാനാണ് വിജയ് ബാബു തിങ്കളാഴ്ചത്തെ യാത്ര ഒഴിവാക്കിയതെന്നാണ് സൂചന.
ഒളിവില്‍ കഴിയവേ വിജയ് ബാബുവിന് രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു നടന്‍ കൊച്ചിയില്‍നിന്ന് എത്തിച്ചു നല്‍കിയതായും ഒരു നടിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വിജയ് ബാബുവിനെതിരേ തെളിവുകള്‍ ശക്തമാണെന്നാണ് പോലീസ് പറയുന്നത്.