കൊച്ചി: ബലാല്‍സംഗ ആരോപണം നേരിടുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചുവെന്ന് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവ് ശേഖരണം ഏകദേശം പൂര്‍ത്തിയായി. പീഡനം നടന്നുവെന്ന് നടി പരാതിയില്‍ പറഞ്ഞ ചില ഫ്‌ളാറ്റുകളില്‍ കൂടി തെളിവെടുപ്പ് നടത്തും. നടിയുടെ ആരോപണം കഴമ്പുള്ളതാണെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്.
പഞ്ചനക്ഷത്ര ഹോട്ടലിലെയും ഫ്‌ളാറ്റുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഒരുമാസത്തിനിടെയാണ് പീഡനങ്ങള്‍ നടന്നത് എന്നതിനാല്‍ തെളിവ് ശേഖരണം വേഗത്തിലാണ്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ….
ഈ വര്‍ഷം മാര്‍ച്ച് 13 മുതലാണ് വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡനം നടന്നതെന്ന് നടി പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം എത്തി തെളിവെടുപ്പ് നടത്തുകയാണ് പോലീസ്. ഏകദേശ തെളിവെടുപ്പ് പൂര്‍ത്തിയായെന്ന് അന്വേഷണ സംഘം പറയുന്നു. ഫ്‌ളാറ്റുകള്‍, കടവന്ത്രയിലെ ഹോട്ടല്‍ എന്നിവിടങ്ങളിലെ സിസിടിവികള്‍ പരിശോധിച്ചുവരികയാണ്.
വിജയ് ബാബുവിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് ഏപ്രില്‍ 22നാണ്. കഴിഞ്ഞ ദിവസം ഇയാള്‍ ഫേസ്ബുക്ക് ലൈവിലെത്തി നടിയുടെ പേര് വെളിപ്പെടുത്തുക കൂടി ചെയ്തു. ഇതില്‍ ഭീഷണിയുടെ സ്വരം കൂടിയുണ്ടെന്ന് പോലീസ് മനസിലാക്കുന്നു. ഇതോടെ ഐടി ആക്ട് ഉള്‍പ്പെടെ ചുമത്തി മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പ്രതി വിദേശത്താണെന്ന് മനസിലാക്കിയ സാഹചര്യത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് വിജയ് ബാബു ദുബായിലേക്ക് പോയത്. പോലീസ് അന്വേഷണത്തില്‍ പ്രതി ഒളിവില്‍ കഴിയുന്നു എന്നാണ് തെളിഞ്ഞത്. ഈ സാഹചര്യത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ പ്രതിയെ ആദ്യം കാണുന്ന വേളയില്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തും. വിമാനത്താവളത്തില്‍ വച്ചായാലും തുറമുഖങ്ങളിലായാലും കാണുന്ന വേളയില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും.
പ്രഥമ ദൃഷ്ട്യാ കേസ് തെളിഞ്ഞിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറയുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ഇനി അറസ്റ്റിലേക്ക് കടക്കുക എന്നതാണ് അടുത്ത നീക്കം. ഇതിന്റെ ഭാഗമാണ് ലുക്ക് ഔട്ട് നോട്ടീസ്. പ്രതിയെ കാണുന്ന വേളയില്‍ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷണര്‍ പറഞ്ഞു.
നാട്ടിലേക്ക് വരാതെ തുടര്‍ന്നാല്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കും. ഇന്റര്‍പോളിന്റെ സഹായം തേടേണ്ട ആവശ്യമുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നില്ല. അതിന് മുമ്പ് തന്നെ അറസ്റ്റിന് സാധിക്കും. അതിവേഗം നടപടിയുണ്ടാകില്ല. എന്നാല്‍ പഴുതടച്ച നീക്കങ്ങളാണുണ്ടാകുക എന്നും കൊച്ചി കമ്മീഷണര്‍ പറഞ്ഞു. പ്രതി നാട്ടിലേക്ക് വരാതെ തുടരുകയും മറ്റുവഴികളില്‍ ലക്ഷ്യം കാണാതിരിക്കുകയും ചെയ്താല്‍ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പരിശോധന നടത്തിയ സ്ഥലങ്ങളില്‍ നിന്ന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നടി പരാതിയില്‍ പറഞ്ഞ സ്ഥലം, സമയം എന്നിവ കണക്കാക്കി വിജയ് ബാബുവിന്റെ സാന്നിധ്യം ബോധ്യപ്പെട്ടു. വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തും. നടിയെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇരയെ നിയന്ത്രണത്തിലാക്കിയ ശേഷമാണ് കൃത്യം ചെയ്തതെന്ന് സംശയിക്കുന്നതായി സിഎച്ച് നാഗരാജു പറഞ്ഞു.
കോഴിക്കോട് സ്വദേശിയായ നടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസ് പുറത്തായത്. ശേഷം സംഭവങ്ങള്‍ വിശദീകരിച്ച് നടി ഫേസ്ബുക്ക് കുറിപ്പെഴുതുകയും ചെയ്തു. ആര്‍ത്തവ സമയത്ത് പോലും ക്രൂരതയ്ക്ക് ഇരയായി എന്നാണ് വെളിപ്പെടുത്തല്‍. ലൈംഗികത നിരസിച്ച വേളയില്‍ തുപ്പുകയും വയറില്‍ ചവിട്ടുകയും ചെയ്തുവെന്നും നടി പറയുന്നു. എന്നാല്‍ നടിക്കെതിരായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അപകീര്‍ത്തിക്കേസ് നല്‍കുമെന്നും വിജയ് ബാബു പറഞ്ഞു.