EntertainmentKeralaNews

‘സിനിമയുടെ നോക്കുകൂലിക്കാര്‍’നാല് യുട്യൂബ് ചാനലുകളില്‍ വ്യത്യസ്തങ്ങളായ നെഗറ്റീവ് റിവ്യുകൾ തുറന്നു കാണിച്ച് വിജയ് ബാബു

കൊച്ചി:സിനിമകളുടെ റേറ്റിംഗും റിവ്യൂസും ഭൂരിഭാഗവും പെയ്ഡ് ആണെന്നും വ്യാജമാണെന്നും നിര്‍മ്മാതാവ് വിജയ് ബാബു നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ താന്‍ നിര്‍മ്മിച്ച എങ്കിലും ചന്ദ്രികേ എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ അനുഭവം മുന്‍നിര്‍ത്തി ഈ ആരോപണം വീണ്ടും ഉയര്‍ത്തുകയാണ് അദ്ദേഹം.

നാല് യുട്യൂബ് ചാനലുകളില്‍ ഈ ചിത്രത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നെഗറ്റീവ് അഭിപ്രായങ്ങള്‍ പറഞ്ഞ ഒരു വ്യക്തിയുടെ സ്ക്രീന്‍ ഷോട്ടുകള് സഹിയം സോഷ്യല്‍ മീഡിയയിലൂടെയാണ് വിജയ് ബാബു ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. പ്രസ്തുത വ്യക്തിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ വലിയവനാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് സിനിമയുടെ നോക്കുകൂലിക്കാര്‍ എന്ന ടൈറ്റിലില്‍ ആണ് പോസ്റ്റ്.

എങ്കിലും ചന്ദ്രികേ എന്ന ഞങ്ങളുടെ സിനിമയെക്കുറിച്ച് നല്ലതും മോശവും പറഞ്ഞ സത്യസന്ധരായ ആളുകളോട് നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങള്‍ പറയുന്ന പോസിറ്റീവുകളില്‍ നിന്നാണ് ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളാറ്. നെഗറ്റീവുകളില്‍ നിന്ന് പഠിക്കാറുമുണ്ട്.

ഏത് മാധ്യമത്തില്‍ കൂടിയും പറയുന്ന പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങള്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ സ്വീകരിക്കാറുണ്ട്. പക്ഷേ ചുവടെ കാണുന്നതുപോലെയുള്ള ചില പ്രത്യേക വ്യക്തികള്‍ അതില്‍ നിന്ന് വ്യത്യസ്തരാണ്. നോക്കുകൂലിക്കാരന്‍ എന്ന പ്രയോഗത്തിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ഇദ്ദേഹം.

15 മിനിറ്റുകള്‍ക്കുള്ളില്‍ നാല് യുട്യൂബ് ചാനലുകളില്‍ തന്‍റെ റിവ്യൂസുമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു, അതും ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം അവസാനിക്കുന്നതിനു മുന്‍പേ. നാല് ചാനലുകളില്‌‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍! ഒരു യുക്തിയുമില്ലാതെ. ഇത് പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ചിത്രത്തിന്‍റെ ഇനിഷ്യല്‍ പ്രദര്‍ശനം അവസാനിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍.

സഹപ്രവര്‍ത്തകരേ, ഇത്തരം ഇത്തിള്‍ക്കണ്ണികളെ കരുതിയിരിക്കുക. ദൈവം അദ്ദേഹത്തെയും അനുഗ്രഹിക്കട്ടെ, എന്നാണ് വിജയ് ബാബുവിന്‍റെ പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button