കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബു പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി തെളിവുകൾ ലഭിച്ചതോടെയാണു രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കേരള പൊലീസ് വേഗത്തിലാക്കിയത്.
കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതിയിൽ നിന്നു ലഭിച്ച അറസ്റ്റ് വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനും ദുബായ് പൊലീസിനും കൈമാറും.
ദുബായിൽ വിജയ് ബാബു ഉപയോഗിക്കാൻ സാധ്യതയുള്ള ഫോൺ നമ്പറുകളെല്ലാം സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതിയുടെ ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ചു മൊഴി നൽകാൻ കൂടുതൽ പേർ മുന്നോട്ടു വരുന്നുണ്ട്.
വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബു സിനിമ നിർമാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ചു സിനിമാ നിർമാണത്തിനു പ്രേരിപ്പിക്കാൻ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
നടിയെ പീഡിപ്പിച്ച കേസിൽ പരാതി ഉയർന്നതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുൻപു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും. പരാതി നൽകിയ പുതുമുഖ നടിയെയും പരാതി പറയാൻ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്മെയിൽ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഈ സംരംഭകന്റെ ഫോൺ വിളികൾ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോർണർ നോട്ടിസ് ഇന്റർപോൾ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.