ഹാനോയ്: 1250 കോടി ഡോളറിന്റെ സാമ്പത്തിക തട്ടിപ്പുകേസിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ വമ്പൻ വ്യവസായിയായ വനിതയെ വധശിക്ഷയ്ക്ക് വിധിച്ച് വിയറ്റ്നാം കോടതി. രാജ്യംകണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് കോടതിയുടെ സുപ്രധാന വിധി. വാൻ തിൻ ഫാറ്റ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ ട്രൂങ് മേ ലാനെയാണ് കോടതി തൂക്കിലേറ്റാൻ വിധിച്ചത്.
സൈഗൺ കൊമേഴ്ഷ്യൽ ബാങ്കിനെ നിയന്ത്രിച്ചിരുന്ന ഇവർ ബാങ്കിൽനിന്ന് ഒരു ദശാബ്ദകാലമായി പണം തട്ടിയെടുക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. ആരോപണങ്ങൾ നിഷേധിച്ച ട്രൂലേങ് കീഴ്ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ, ട്രൂങ് മേ ലാനിന്റെ എല്ലാ വാദങ്ങളും നിരസിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
2022 ഒക്ടോബറിലാണ് ലേ അറസ്റ്റിലായത്. സർക്കാർ ഉദ്യോഗസ്ഥരേയും വ്യവസായ പ്രമുഖരേയും ലക്ഷ്യമിട്ട് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ അഴിമതിക്കെതിരായ നയങ്ങളുടെ ഭാഗമായിട്ടായിരുന്നു നടപടി. എസ്.സി.ബി ബാങ്കിൽ 90 ശതമാനം ഓഹരി സ്വന്തമായുണ്ടായിരുന്ന ലാൻ, വ്യാജ വായ്പാ അപേക്ഷകൾ സംഘടിപ്പ് ഷെൽ കമ്പനികൾ ഉപയോഗിച്ച് പണം തട്ടിയെന്നാണ് കേസ്. ഇതിന് ഒത്താശചെയ്ത ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയായിരുന്നു തട്ടിപ്പ്.
എസ്.സി.ബി ബാങ്കിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി ലാൻ നൽകിയ 5.2 മില്യൺ ഡോളർ വിയറ്റ്നമിലെ ഏറ്റവും വലിയ കോഴയാണ്. വിചാരണക്കിടെ ലാന്റെ ആയിരത്തിൽ അധികം സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു. തട്ടിപ്പിന് ഇരയായവർ എല്ലാം ബാങ്കിലെ ബോണ്ട് ഹോൾഡർമാരാണെന്ന് പോലീസ് പറഞ്ഞു.
42,000 പേർ തട്ടിപ്പിന് ഇരയായെന്നാണ് കണക്ക്. കേസിൽ പിടിയിലായ 85-ഓളം പ്രതികളിൽ ബാങ്ക് ഉദ്യോഗസ്ഥരും മുൻ സർക്കാർ ജീവനക്കാരും എസ്.സി.ബി എക്സിക്യൂട്ടിവുകളും ഉൾപ്പെടും. 2021 മുതൽ 1700 അഴിമതിക്കേസുകളിലായി 4400 പേരാണ് ഇതുവരെ കുറ്റാരോപിതയായത്