ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബിജെപിയുടെ റാലിയിൽ ഡ്യൂട്ടിക്കിടെ സ്ഥാനാർത്ഥിയെ ആലിംഗനം ചെയ്തതിന് വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഹൈദരാബാദ് ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി കോംപെല്ലാ മാധവി ലതയ്‌ക്ക് തിരഞ്ഞെടുപ്പ് റാലിക്കിടെ ഹസ്തദാനവും ആലിംഗനവും നല്‍കിയതിനാണ് സൈദാബാദ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടറായ ഉമാ ദേവിക്കെതിരെ നടപടിയെടുത്തത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാണിച്ചു എന്ന് പറഞ്ഞാണ് ഉമാ ദേവിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാര്‍ഥിയായ കോംപെല്ലാ മാധവി ലതയുടെ അടുത്തെത്തി സന്തോഷത്തോടെ ആലിംഗനം ചെയ്യുകയായിരുന്നു. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഉമാ ദേവിക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും സിറ്റി പൊലീസ് കമ്മീഷണര്‍ കെ ശ്രീനിവാസ റെഡ്ഢി നടപടിയെടുക്കുകയും ചെയ്തത്.
തിരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാന്‍ എത്തിയ ഉദ്യോഗസ്ഥ ഇലക്ഷന്‍ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസിക്കെതിരെയാണ് ഹൈദരാബാദില്‍ കോംപെല്ലാ മാധവി ലത മത്സരിക്കുന്നത്.