ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ വിറച്ച് ഏഷ്യന്‍ രാജ്യങ്ങള്‍. പെട്ടെന്നുണ്ടായ ഭൂചലനത്തില്‍ ഭയപ്പെട്ട ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തേക്ക് ഓടുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നു. പാകിസ്താനിലെ ഒരു പ്രാദേശിക ടിവി ചാനലിന്റെ സ്റ്റുഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭൂചലനത്തില്‍ സ്റ്റുഡിയോ ഒന്നാകെ കുലുങ്ങിയിട്ടും വാര്‍ത്താ വായന തുടരുന്ന അവതാകരന്റെ വീഡിയോ ആണിത്.
പെഷവാറിലെ മഹ്ശ്രിക് ടിവി ചാനലിന്റെ സ്റ്റുഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 31 സെക്കന്‍ഡുള്ള വീഡിയോയില്‍ സ്റ്റുഡിയോ ക്യാമറ ഉള്‍പ്പെടെ കുലുങ്ങുന്നത് വ്യക്തമാണ്. സ്റ്റുഡിയോയിലെ ജീവനക്കാരില്‍ ഒരാള്‍ പരിഭ്രാന്തനായി പുറത്തേക്ക് പോകുന്ന ദൃശ്യവും വീഡിയോയിലുണ്ട്. എന്നാല്‍ ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പരിഭ്രമിക്കാതെ അവതാരകന്‍ വാര്‍ത്താ വായന തുടരുകയായിരുന്നു.
പാകിസ്താനില്‍ ഇസ്ലാമാബാദ് അടക്കമുള്ള നഗരങ്ങളിലും തുര്‍ക്ക്‌മെനിസ്താന്‍, കസാഖ്‌സ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, ചൈന, കിര്‍ഗിസ്താന്‍, ഇന്ത്യയില്‍ ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി ഇതുവരെ 11 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ മാത്രം 100ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇന്ത്യയില്‍ ഇതുവരെ മരണങ്ങളോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രണ്ടു മിനിട്ട് നീണ്ട പ്രകമ്പനമാണ് ഇന്ത്യയില്‍ അനുഭവപ്പെട്ടത്. ഡല്‍ഹി അടക്കമുള്ള നഗരങ്ങളിലെ ജനങ്ങള്‍ ഭയന്നു വിറച്ച് രാത്രി വീടുവിട്ട് പുറത്തിറങ്ങി. ബഹുനില കെട്ടിട സമുച്ചയങ്ങളില്‍ താമസിക്കുന്നവര്‍ അടക്കമുള്ള നൂറുകണക്കിനുപേര്‍ പുറത്തിറങ്ങി കൂട്ടംകൂടി നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളില്‍നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കെട്ടിടങ്ങളിലെ ഫാനുകളും ലൈറ്റുകളും അടക്കമുള്ളവ ആടിയുലയുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.