ന്യൂജഴ്‌സി: മനുഷ്യമാസം ഭക്ഷിയ്ക്കുന്ന വന്യമൃഗങ്ങളേക്കുറിച്ച് കേട്ടിട്ടുണ്ട്.എന്നാല്‍ മനുഷ്യമാസം ഭക്ഷിയ്ക്കുന്ന ബാക്ടീരിയയേക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്.അമേരിക്കയിലെ കടല്‍ത്തീരങ്ങളില്‍ കണ്ടുവരുന്ന വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയാണ് മാംസതീനികളായി കണ്ടെത്തിയിരിയ്ക്കുന്നത്.
അമേരിക്കയില്‍ അംഗവൈകല്യം ബാധിച്ച് മരിയ്ക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനു പിന്നാലെയാണ് ഗവേഷകര്‍ ഇതിനു കാരണം തേടിത്തുടങ്ങിയത്. 2017 ന് മുമ്പുള്ള വേനല്‍ക്കാലത്തെ അപേക്ഷിച്ച് വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം കൂടിയെന്നാണ് ന്യൂജേഴ്സിയിലെ കൂപ്പര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വിശദമാക്കുന്നത്. വളരെ അപൂര്‍വമായി കാണുന്ന ഇത്തരം ബാക്ടീരിയകള്‍ ആഗോളതാപനം മൂലം സമുദ്രജലത്തിന് ചൂട് കൂടിയതിന് പിന്നാലെയാണ് തീരങ്ങളോട് അടുക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
കടലിലെ ഉപ്പുവെള്ളത്തിലോ,കടലും മറ്റ് ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളിലോ കുളിക്കാനിറങ്ങുന്നവരിലാണ് ഈ ബാക്ടീരിയയുടെ സന്നിദ്ധ്യം ഉണ്ടാവുക . ശരീരത്തിലെ ചെറുമുറിവുകളിലൂടെയാണ് ശരീരത്തിന് അകത്തെത്തുന്നത്. ദേഹത്ത് ഒരു ചുവന്ന തടിപ്പായിട്ടാണ് ബാക്ടീരിയ പ്രവര്‍ത്തനം തുടങ്ങുക. വളരെ പെട്ടെന്ന് അതു വലുതാകും പിന്നാലെ മാംസം അഴുകുന്നതിന് തുല്യമാകും
ചികിത്സ തേടിയാല്‍ പോലും പലപ്പോഴും ബാക്ടീരിയ ബാധയേറ്റ മുറിവിന്റെ ഭാഗം മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്താന്‍ അധിക സമയം വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മലിനജലത്തില്‍ നീന്തുമ്പോള്‍ മുറിവുകളിലൂടെ ഇവ ശരീരത്തിലെത്തുന്നു. ജലമലിനീകരണത്തിന്റെ തോത് കൂടിയതോടെ ഇതിനുള്ള സാധ്യതയും ഏറെയാണ്. കടല്‍ മത്സ്യങ്ങള്‍ക്ക് ബാക്ടീരിയ ബാധയേറ്റാല്‍ അതിലൂടെയും മനുഷ്യരിലേക്ക് ബാക്ടീരിയ ബാധയേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്.മത്സ്യങ്ങള്‍ക്കൊപ്പം ഞണ്ടുകളിലും കക്കയിറച്ചിയിലും ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുമുണ്ട്.