കൊച്ചി: കേരള സന്ദര്‍ശനത്തിന് എത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവും ഭാര്യ ഉഷയും ഡല്‍ഹിയിലേക്ക് മടങ്ങിയത് പുട്ടുകുറ്റിയുമായി. ഉപരാഷ്ട്രപതിക്കു മുന്‍പില്‍ പല വിഭവങ്ങളും എത്തിയെങ്കിലും അദ്ദേഹത്തിന്റെ മനം കവര്‍ന്നത് കേരളത്തിന്റെ സ്വന്തം ഭക്ഷണമായ പുട്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാരോട് പറഞ്ഞ് പുട്ടുകുറ്റി വാങ്ങിപ്പിക്കുകയായിരുന്നു.
രണ്ടു ദിവസം എറണാകുളത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലായിരുന്നു വെങ്കയ്യനായിഡുവും ഉഷയും. അവിടെവച്ചാണ് ഇരുവരും പുട്ടുമായി ഇഷ്ടത്തിലാവുന്നത്. തുടര്‍ന്ന് അവിടത്തെ ജീവനക്കാരോട് പുട്ട് ഉണ്ടാക്കുന്ന രീതി ചോദിച്ചു മനസ്സിലാക്കി. അതിനു പിന്നാലെ ചിരട്ടയിലും സ്റ്റീലിലുമുള്ള പുട്ടുകുറ്റികള്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പണം നല്‍കി പുട്ടുകുറ്റി വാങ്ങി അതുമായാണ് ഇവര്‍ മടങ്ങിയത്. പുട്ടിനു പുറമേ, കേരളീയരീതിയില്‍ വറുത്ത തിരുതയും കരിമീന്‍ പൊള്ളിച്ചതും വാഴയിലയിലെ സദ്യയും ഉപരാഷ്ട്രപതിക്കും ഭാര്യയുടേയും മനം കവര്‍ന്നു.