KeralaNews

മിനിമം രണ്ട് പതിറ്റാണ്ടെങ്കിലും എല്‍ഡിഎഫ് അധികാരത്തിലുണ്ടാവും’; കോണ്‍ഗ്രസിന് കരിങ്കൊടി താഴ്‌ത്തേണ്ടി വരില്ലെന്ന് വീണ ജോര്‍ജ്

അടൂര്‍: സംസ്ഥാനത്ത് മിനിമം രണ്ട് പതിറ്റാണ്ടെങ്കിലും എല്‍ഡിഎഫ് അധികാരത്തിലുണ്ടാവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളേയും ജനക്ഷേപ പ്രവര്‍ത്തനങ്ങളേയും അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ കരിങ്കൊടി രണ്ട് പതിറ്റാണ്ട് കൊണ്ടുനടക്കേണ്ടി വരുമെന്നും വീണാ ജോര്‍ജ് പരിഹസിച്ചു. ആലപ്പുഴയില്‍ സിഐടിയും സമ്മേളനത്തോടെ അനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു വീണ ജോര്‍ജിന്റെ പ്രതികരണം.

സംസ്ഥാനത്ത് മിനിമം രണ്ട് പതിറ്റാണ്ടെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവും. അതിനാല്‍ അടുത്തിടെയൊന്നും കോണ്‍ഗ്രസിന് കരിങ്കൊടി താഴ്‌ത്തേണ്ടി വരില്ല. സ്വന്തം കൊടിക്ക് പകരം കരിങ്കൊടി കൊണ്ടു നടക്കേണ്ടി വരുമെന്നുമാണ് വീണ ജോര്‍ജ് പരിഹസിച്ചത്.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ വീണ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട എസ്എഫ്‌ഐ വയനാട് ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് അവിഷിത് കെ ആര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന ആരോപണത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടില്‍നിന്ന് മന്ത്രി അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍ ഉള്‍പ്പെടെയുള്ള നാലുപ്രവര്‍ത്തകരെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button