കോഴിക്കോട്: പത്തു പവനോളം സൂക്ഷിച്ചിരുന്ന അലമാരയില്‍ നിന്നും ഒന്നര പവന്‍ മാത്രം എടുത്ത് മോഷ്ടാവ്. വീട്ടില്‍ നിന്ന് മോഷണം പോയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 11ഓടെ നാദാപുരം വളയം ചുഴലിയിലാണ് സംഭവം. ചാത്തന്‍കണ്ടിയില്‍ രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.
കാര്‍പന്ററായ രവീന്ദ്രനും തൊഴിലുറപ്പ് തൊഴിലാളിയായ ഇവരുടെ ഭാര്യയും ജോലിക്കുപോയ സമയത്തായിരുന്നു മോഷണം നടന്നത്. ഈ സമയത്ത് ഇവരുടെ ചെറിയ കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. 20 വയസ്സ് മാത്രം തോന്നിക്കുന്ന മോഷ്ടാവ് അലമാരയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന പത്ത് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളില്‍ നിന്ന് ഒരു പവന്റെ ഒരു മാലയും ഒരു മോതിരവും മാത്രമെടുത്ത് സ്ഥലംവിടുകയായിരുന്നു.
ബാക്കി സ്വര്‍ണം ഭദ്രമായി ബാഗില്‍തന്നെ വെച്ചാണ് ഇയാള്‍ കടന്നത്. ഇതോടൊപ്പം വീട്ടിലെ ഒരു മൊബൈല്‍ ഫോണും കാണാതായി. ഈ ഫോണ്‍ പിന്നീട് ചുഴലിയില്‍ സര്‍വിസ് നടത്തുന്ന ജീപ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോണ്‍ എങ്ങനെ ജീപ്പില്‍ എത്തി എന്ന അന്വേഷണമാണ് മോഷണ വിവരം അറിയാന്‍ സഹായിച്ചത്.