വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലുപേര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ആകെ ഒന്‍പത് പ്രതികളുളള കുറ്റപത്രത്തില്‍ റൂറല്‍ ടാസ്‌ക് ഫോഴിസിലെ അംഗങ്ങളായ സന്തോഷ് കുമാര്‍, സുമേഷ്, ജിതിന്‍ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികള്‍. റവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വടക്കന്‍ പറവൂര്‍ സി ഐയായിരുന്ന ക്രിസ്പിന്‍ സാം ആണ് അഞ്ചാം പ്രതി. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
2018 ഏപ്രില്‍ ഒന്‍പതിന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചത്. കേസില്‍ ആരോപണ വിധേയനായ ഡിഐജി എ.വി. ജോര്‍ജ് സാക്ഷിയാണ്.