അടൂര്‍: പത്തനംതിട്ട അടൂരിലെ മഹാത്മ അഗതി മന്ദിരം ഈ പ്രണയ ദിനത്തില്‍ അപൂര്‍വ്വമായ ഒരു പ്രണയ സാഫല്യത്തിന് സാക്ഷ്യം വഹിക്കുകയാണ്. അഗതി മന്ദിരത്തില്‍ വച്ച് കണ്ട് മുട്ടി പ്രണയത്തിലായ 58 കാരന്‍ രാജനും 65കാരി സരസ്വതിയും വിവാഹിതരാകുന്നു അടൂര്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം.
മറഞ്ഞു പോയ പ്രണയദിനത്തിലെല്ലാം കേട്ടുപഴകിയതാണ് പ്രണയത്തിന് പ്രായമില്ലെന്ന്. മഹാമാരിക്കാലത്തെ ഈ പ്രണയദിനത്തില്‍ പറയാനുണ്ട് പ്രായത്തിനപ്പുറം പ്രണയിച്ചവരുടെ കഥ. തിരുച്ചിറപ്പള്ളിക്കാരന്‍ രാജനും അടൂര്‍കാരി സരസ്വതിക്കും ഉള്ളിലെ പ്രണയം മൊട്ടിട്ടത് വാര്‍ദ്ധക്യത്തിലാണ്. മഹാത്മ അഗതി മന്ദിരത്തിലെ അടുക്കളയില്‍ ആ പ്രണയം പൂത്തുലഞ്ഞു. തമിഴും മലയാളം ചേര്‍ന്ന ഭാഷയില്‍ രാജന്‍ സ്‌നേഹം നല്‍കി. സംസാര ശേഷിയില്ലാത്ത സരസ്വതി ആംഗ്യങ്ങളിലുടെ ഹൃദയം കൈമാറി. ഒടുവില്‍ വാര്‍ദ്ധക്യം ദാമ്പത്യത്തിന്റെ അവസാനമാണെന്ന് കരുതപ്പെടുന്നവര്‍ക്ക് മുന്നില്‍ അവര്‍ ഒന്നിക്കുകയാണ്. വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് പൊതു സമൂഹം കല്‍പ്പിച്ചിരിക്കുന്ന ചട്ടങ്ങള്‍ക്കെല്ലാമപ്പുറം.
നല്ല പ്രായത്തില്‍ വിവാഹം കഴിക്കാതെ കുടുബത്തിന് വേണ്ടി പണിയെടുത്ത് ജീവിക്കാന്‍ മറന്നുപോയതാണ് ഇരുവരും. അന്നൊന്നും മനസില്‍ പോലും കരുതിയിട്ടുണ്ടാവില്ല അവസാന നാളുകള്‍ അഗതി മന്ദിരത്തിലായിരിക്കുമെന്ന്. മഹാത്മ ജനസേവ കേന്ദ്രം സെക്രട്ടറി പ്രിഷീല്‍ഡയും ചെയര്‍മാന്‍ രാജേഷ് തിരുവല്ലയുമാണ് രാജനേയും സരസ്വതിയേയും ചേര്‍ത്തു നിര്‍ത്തിയത്. ഇനി രാജന് സരസ്വതിയും സരസ്വതിക്ക് രാജനുമായി പുതിയ ജീവിതം.