കോട്ടയം: വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ മധ്യവയസ്‌കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായപ്പോൾ പൊളിഞ്ഞു പോയത് പ്രതികളുടെ ആദ്യ ശ്രമവും. ട്രയൽ റൺ എന്ന നിലയിൽ നടത്തിയ ആദ്യ കെണിയിൽ തന്നെ ഇരയ്ക്കൊപ്പം പ്രതികളും കൂടി കുടുങ്ങി പോകുകയായിരുന്നു. സമാന രീതിയിൽ പ്രതികൾ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചു. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും അന്വേഷിച്ചിരുന്നു.
പ്രതികൾ മറ്റാരെയും പറ്റിച്ചതായി വിവരം കിട്ടിയിട്ടില്ലന്ന് വൈക്കം എസ് ഐ അറിയിച്ചു. തങ്ങളുടെ ആദ്യശ്രമമാണിതെന്ന് പ്രതികൾ തന്നെ നല്കിയ കുറ്റ സമ്മത മൊഴിയിലുണ്ട്. കോട്ടയത്തെ ചില ഉന്നതരെയും ബിസിനസുകാരെയും പ്രതികൾ ലക്ഷ്യമിട്ടിരുന്നതായി സൂചനയുണ്ട്. ആദ്യശ്രമം വിജയിച്ചിരുന്നെങ്കിൽ മറ്റു പലരെയും കെണിയിൽപ്പെടുത്താൻ ശ്രമിച്ചേനെ. ഹണിട്രാപ്പിനായി ആളെ സെലക്ടു ചെയ്തത്് കേസിലെ ഒന്നാം പ്രതിയായ രതി മോൾ തന്നെ.
സുഹൃത്തുക്കളായ രഞ്ജിനിയേയും ധൻസിനെയും വൻ പണം വാഗ്ദാനം ചെയ്താണ് ഈ ഉദ്യമത്തിൽ പങ്കെടുപ്പിച്ചത്. ഹണി ട്രാപ്പിലേക്ക് ഇരയെ കണ്ടെത്തിയതും രതിമോൾ തന്നെയാണ്. നിർമ്മാണ തൊഴിലാളിയും നിരക്ഷരനുമായ ഇര ഒരിക്കലും പരാതിയുമായി പോകില്ലന്ന് രതിമോൾ കണക്കു കൂട്ടി. ഇതായിരുന്നു രതി മോളുടെ ധൈര്യവും. നഗ്‌നചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. വെച്ചൂർ സ്വദേശിനി രതിമോൾ, ഓണംതുരുത്ത് സ്വദേശിനി രഞ്ജിനി, കുമരകം സ്വദേശി ധൻസ് എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
രതിമോളുടെ ബന്ധുവായ മധ്യവയസ്‌കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചത്. നിർമ്മാണ തൊഴിലാളിയായ മധ്യവയസ്‌കനെ ജോലിയുടെ ആവശ്യത്തിനെന്ന പേരിൽ വിളിച്ചു വരുത്തി കെണിയിൽപ്പെടുത്തുകയായിരുന്നു. ധൻസിന്റെ നേതൃത്വത്തിൽ ദൃശ്യങ്ങളും പകർത്തി. ധൻസ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്നും രതിമോൾ അവശ്യപ്പെട്ടു.
രഞ്ജിനി
പിന്നീട് പലപ്പോഴായി രതിയും ധൻസും ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. റൂഫ് വർക്ക് ജോലി ചെയ്യുന്ന ഇയാളെ, രതിമോളുടെ വീടിന്റെ സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ സമയം വീട്ടുകാർ പുറത്തുപോയിരിക്കുകയാണെന്നും അവർ വന്നിട്ട് നോക്കാമെന്നും പറഞ്ഞ് ഇയാളെ രതിമോൾ അടുത്ത മുറിയിൽ ഇരുത്തുകയായിരുന്നു.
തുടർന്ന് രഞ്ജിനി നഗ്‌നയായി മധ്യവയസ്‌കന്റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധൻസ് മുറിയിൽ എത്തി ഇവരുടെ വീഡിയോ പകർത്തി. ഇതിനുശേഷം രതിമോൾ വന്ന് യുവാവ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്നും അറിയിച്ചു. എന്നാൽ 50 ലക്ഷം എന്നുള്ളത് 6 ലക്ഷം രൂപ ആക്കി കുറച്ചിട്ടുണ്ടെന്നും, രതിമോൾ അതുകൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് എനിക്ക് തിരിച്ചുതരണമെന്ന് മധ്യവയസ്‌കനോട് ആവശ്യപ്പെടുകയുമായിരുന്നു.
പിന്നീട് പലപ്പോഴായി രതിമോളും, ഇവരുടെ ഫോണിൽ നിന്ന് ധൻസും വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടും എന്ന് ഭീഷണിപ്പെടുത്തി. ഭീഷണി അസഹന്യമായതിനെ തുടർന്ന് മധ്യവയസ്‌കൻ പൊലീസിൽ പരാതിപ്പെട്ടു. വൈക്കം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാപൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.