കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വർണം കവർന്ന സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈം ബ്രാഞ്ച്. മുങ്ങിയ മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാറിനെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ആദ്യ ലക്ഷ്യം. വീഡിയോ സന്ദേശം ഇന്നലെ പുറത്ത് വന്ന സാഹചര്യത്തിൽ ഇയാളെ കണ്ടെത്താൻ പ്രയാസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.
ഇയാളുടെ നാടായ തമിഴ്നാട് മേട്ടുപാളയം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാർ ആരോപിക്കുന്ന ബാങ്ക് സോണൽ മാനേജരെ ഉടൻ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. വ്യാജ ലോണുകൾ ആയത് കൊണ്ട് തന്നെ ആരും ഇതുവരെ പരാതിയും നൽകിയിട്ടില്ല.
ബാങ്ക് മുൻ മാനേജരുടെ വെളിപ്പെടുത്തലോടെ കാർഷിക സ്വർണ്ണ പണയ വായ്പ ഉപയോഗിച്ച് നടക്കുന്ന വൻ തട്ടിപ്പിലേക്കാണ് അന്വേഷണം നീളുന്നത്. ബാങ്ക് മുൻ മാനേജർ മധ ജയകുമാറിന്റെ വിഡിയോയിൽ പറയുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണ സംഘം നേരിട്ട് കാണും. തട്ടിപ്പ് സംബന്ധിച്ച് പ്രതികരിക്കാൻ ബാങ്ക് അധികൃതർ ഇതുവരേയും തയ്യാറായിട്ടില്ല. അന്വേഷണം തുടരുന്നതോടെ സമാനമായ രീതിയിൽ മറ്റു ബാങ്കുകളിൽ നടന്ന കർഷക വായ്പ തട്ടിപ്പ് വിവരങ്ങളും പുറത്ത് വരുമെന്നാണ് പ്രതീക്ഷ.
വടകരയിലെ ഒരു പ്രാദേശിക ഓൺ ലൈൻ ചാനലിനാണ് 23 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ഇയാൾ കൈമാറിയത്. സോണൽ മാനേജർ അരുണിനെതിരേ ഇയാൾ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇരുട്ട് മുറിയിൽ മുഖം മാത്രം വ്യക്തമാവുന്ന വിധത്തിലാണ് വീഡിയോ പുറത്ത് വിട്ടത്. അതേസമയം, കാണാതായ സ്വർണത്തെ കുറിച്ച് വീഡിയോയിൽ മറുപടിയില്ല.
‘എല്ലാർക്കും നമസ്ക്കാരം. ഞാനാണ് മധു ജയകുമാർ. എൻ്റെ പേരിലാണ് ഗോൾഡ് ലോണിൻ്റെ പഴി ഉള്ളത്. ഞാൻ ലീവ് എടുത്തിട്ടാണ് വടകരയിൽനിന്ന് പോയത്. ലീവ് ആയതിന് കാരണം എൻ്റെ അച്ഛനും എനിക്കും സുഖമില്ലാത്തതിനാലാണ്. ഞാൻ ലീവ് എടുക്കുന്നത് സംബന്ധിച്ച് ഒഫീഷ്യല്‍ ആയി മെയിൽ ചെയ്തിട്ടുണ്ട്. ഞാൻ മിസ്സിംങ് ആയില്ല. അഞ്ചാം തീയതി ആണ് ഞാൻ വടകരനിന്ന് ലീവെടുത്ത് പോന്നിട്ടുള്ളത്. ചെയ്യാത്ത തെറ്റിന് ഞാന്‍ നായയെ പോലെ അലയുകയാണ്.
സോണൽ മനേജറുടെ നിർദേശപ്രകാരമാണ് ബാങ്കിൽ ഗോൾഡ് പണയം വെച്ചത്. ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് പണയപ്പെടുത്തിയത്. അവർക്ക് 15-ഓളം ബ്രാഞ്ചുകൾ ഉണ്ട്. ഒരു വർഷം മുമ്പ് അരുൺ എന്ന സോണൽ മാനേജറാണ് ഇവരെ പറഞ്ഞ് വിടുന്നത്. എല്ലാ ബ്രാഞ്ചുകൾക്കും നിർദേശം നൽകി. എട്ട് ശതമാനം പലിശക്ക് അഗ്രികൾച്ചറൽ ലോൺ ആയാണ് പണയം. ചാത്തൻ കണ്ടത്തിൽ ഗ്രൂപ്പും സോണൽ മാനേജറുമായി ബന്ധം ഉണ്ടെന്ന് എനിക്ക് സംശയം ഉണ്ട്. ചാത്തൻ കണ്ടത്തിൽ ഗ്രൂപ്പിൻ്റെ ഗോൾഡ് ആദ്യം പണയം വെച്ചത് മലപ്പുറം ബ്രാഞ്ചിലാണ്.
25 ലക്ഷത്തിനാണ് പണയം വെച്ചത്. ഒരാളുടെ പേരിൽ ഒരു കോടി വരെ കൊടുത്തിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, വടകര കോഴിക്കോട്, സുൽത്താൻ ബത്തേരി, താമരശ്ശേരി ബ്രാഞ്ചുകളിൽ ഈ ഗ്രൂപ്പിൻ്റെ ഗോൾഡ് ലോൺ ഉണ്ട്. എന്നാലിവർക്ക് ബാങ്ക് നിയമപ്രകാരം അഗ്രി കൾച്ചറൽ ലോൺ കൊടുക്കാൻ പാടില്ല. നിലവിലെ മാനേജർ ഇർഷാദിന് ചാത്തൻ കണ്ടത്തിൽ ഗ്രൂപ്പുമായി ബന്ധമുണ്ട്. ചെയ്യാത്ത തെറ്റിന് ഞാൻ നായ് പോലെ അലയുകയാണ്. വടകരയിലെ എല്ലാവർക്കും അറിയാം, ബാങ്കിലുള്ളവർക്കും അറിയാം ഞാൻ എത്ര മാത്രം പെർഫോമൻസ് ചെയ്ത മാനേജറാണെന്ന്. എൻ്റെ ജീവൻ രക്ഷിക്കണം, മധു വീഡിയോയിൽ പറയുന്നു.