പാലക്കാട്:വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ ജീവൻ നഷ്ടമായ അപകടവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോജോ പത്രോസ് എന്ന ജോമോനെതിരെ നരഹത്യാക്കുറ്റം ചുമത്തി. അപകടത്തിനു പിന്നാലെ ഒളിവിൽ പോയ എറണാകുളം ഇലഞ്ഞി അന്ത്യാൽ പൂക്കോട്ടിൽ ജോമോനെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ ചവറയിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു. ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോൻ അപകടസ്ഥലത്ത് നിന്നു കടന്നുകളഞ്ഞത്. ഇത് ഉൾപ്പടെ അന്വേഷിക്കുമെന്ന് ആലത്തൂർ ഡിവൈഎസ്പി ആർ. അശോകൻ പറഞ്ഞു.
‘‘എസ്പിയോട് ഉൾപ്പെടെ ടൂർ ഓപ്പറേറ്റാണെന്നു പറഞ്ഞാണ് അയാൾ പോയത്. ആ സമയത്ത് ഞാനും ഒപ്പമുണ്ടായിരുന്നു. വണ്ടി ഓടിച്ചിരുന്നത് ഇദ്ദേഹം തന്നെയാണ്. പക്ഷേ, പരുക്കേറ്റയാളെ ചികിത്സിക്കുക എന്നതാണല്ലോ പ്രധാനം. ആ രീതിയിലാണ് എല്ലാം ചെയ്തത്’ – ഡിവൈഎസ്പി പറഞ്ഞു.
ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി ആരംഭിച്ചെന്ന് പാലക്കാട് എൻഫോഴ്സ്മെൻറ് ആർടിഒ അറിയിച്ചു. ഇന്ന് ഉച്ചയോടെ സ്ഥലം സന്ദർശിച്ച ശേഷം വിശദ റിപ്പോർട്ട് തയ്യാറാക്കുമെന്ന് എൻഫോഴ്സ്മെൻ്റ് ആര്‍ടിഒ എം.കെ.ജയേഷ് കുമാർ അറിയിച്ചു. ബസ് ഉടമയ്ക്ക് എതിരെയുള്ള നടപടി വിശദാന്വേഷണത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമായി.
അതേസമയം വടക്കാഞ്ചേരി ബസപകടത്തിൽ ഡ്രൈവറുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ലാബിലേക്കാണ് സംപിൾ അയച്ചത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഈ പരിശോധന. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ഇയാളുടെ സാമ്പിൾ എടുത്തത്.
അപകടമുണ്ടാക്കിയ ബസും ഡ്രൈവറുമായും ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിൽ നിന്നും ശേഖരിച്ച് പോരുകയാണെന്ന് ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു. ഇന്നലെ വൈകീട്ട് തന്നെ ഡ്രൈവറുടെ വൈദ്യപരിശോധന നടത്തിയിട്ടുണ്ടെന്നും മദ്യപിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു. ഡ്രൈവറുടെ മുൻകാല പശ്ചാത്തലം
അടക്കം പരിശോധിക്കും. മറ്റു സംസ്ഥാനങ്ങളിൽ ഇയാൾ ഗതാഗത നിയമലംഘനം നടത്തിയോ എന്ന കാര്യവും പരിശോധിക്കും. അപകടത്തിൽപ്പെട്ട കെഎസ്ആര്‍ടിസി ബസിൻ്റെ ഭാഗത്ത് പിഴവുണ്ടായോ എന്ന കാര്യവും പരിശോധിക്കുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
അപകടസ്ഥലത്ത് വെളിച്ചക്കുറവുണ്ടായിരുന്നു, ഇതും അത്യാഹിതത്തിന് ഇടയാക്കിയെന്നും അപകടം ഉണ്ടാകും എന്നറിഞ്ഞ് കൊണ്ടു തന്നെ അമിത വേഗത്തിൽ വാഹനമോടിച്ചതിനാലാണ് ഡ്രൈവര്‍ക്കെതിരെ 304 വകുപ്പ് പ്രകാരം കേസെടുത്തതെന്നും ബസുടമയ്ക്ക് എതിരെ കേസെടുക്കണോ എന്ന കാര്യം പരിശോധിക്കുമെന്നും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.
അതിനിടെ ടൂറിസ്റ്റ് ബസുകൾക്കെതിരെ സംസ്ഥാന വ്യാപകമായി പരിശോധന നടക്കുകയാണ്. പത്തനംതിട്ട
റാന്നിയിൽ നിന്ന് കുട്ടികളുമായി ടൂർ പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബസിൽ നിയമ വിരുദ്ധമായ ലൈറ്റുകളും, മ്യൂസിക് സംവിധാനവും കണ്ടെത്തി. പത്തനംതിട്ട RTO സ്ക്വാഡാണ് പരിശോധന നടത്തിയത്. നാളെ ആർടിഒ ഓഫീസിൽ വാഹനം ഹാജരാക്കാൻ നിർദേശം നൽകിയ ശേഷം ടൂർ തുടരാൻ അനുവദിച്ചു.