തിരുവനന്തപുരം:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരിഹാസ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് യുവനേതാവ് വി ടി ബല്‍റാം. ആലപ്പുഴ വലിയ അഴീക്കൽ പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ചെന്നിത്തലയെ വേദിയിൽ ഇരുത്തി ആയിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. നിങ്ങൾക്കിന്ന് ദുർദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ പരിഹസിച്ചത്.
പാലം തുറന്ന ഈ ദിനം തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലുമായിരുന്നു. ഇതിന് പിന്നാലെയാണ് വിടി ബല്‍റാം സിപിഎമ്മിനും മുഖ്യമന്ത്രിക്കും മറുപടിയുമായി എത്തിയത്.
ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ, ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെയെന്നാണ് യുവ കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിക്ക് നല്‍കുന്ന മറുപടി. സമൂഹമാധ്യത്തിലെ കുറിപ്പിലൂടെയാണ് മറുപടി.
വി ടി ബല്‍റാമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം
ശരിയാണ് സെർ,
ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്.
ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്.
ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ,
ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബ് ഒഴികെ എല്ലായിടത്തും ബിജെപി മികച്ച നിലയിലാണ് ഉള്ളത്. ഉത്തരാഖണ്ഡില്‍ ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടുന്ന പാർട്ടിയായി ബിജെപി മാറി. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 41 സീറ്റുകൾ നേടിയാണ് ബിജെപി തുടർഭരണമെന്ന ചരിത്രം കുറിക്കുന്നത്. 25 സീറ്റുകളിലാണ് കോൺഗ്രസിന് ലീഡ് ചെയ്യാനായത്. ഭരണത്തുടർച്ചയും മുഖ്യമന്ത്രിമാർ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിരുന്നില്ല. ഈ ചരിത്രമാണ് ബിജെപി ഇത്തവണ ഉത്തരാഖണ്ഡില്‍ തിരുത്തി എഴുതിയത്.